ഈശോ വിവാദം അവസാനിക്കുന്നില്ല; ഈ പേരിനു അനുമതി നല്കാൻ പറ്റില്ലെന്ന് കേരളാ ഫിലിം ചേമ്പറും..!

Advertisement

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ഈശോ എന്ന ചിത്രത്തിന്റെ പേരിലുള്ള വിവാദം അവസാനിക്കുന്നില്ല.  ക്രിസ്ത്യൻ മതത്തെയും അതിലെ ആളുകളേയും അവഹേളിക്കുന്നത് ആണ് ചിത്രത്തിന്റെ പേരും ടാഗ് ലൈനും എന്നതായിരുന്നു ആദ്യം മുതലേ വന്ന പരാതി. അതിൻപ്രകാരം ടാഗ് ലൈൻ മാറ്റി എങ്കിലും ആ പേരും മാറ്റണം എന്നായിരുന്നു പലരുടെയും ആവശ്യം. അവസാനം കാര്യങ്ങൾ കോടതി വരെ എത്തിയെങ്കിലും കോടതി വിധിയും സിനിമയ്ക്കു അനുകൂലമായി ആണ് വന്നത്. അതിനു ശേഷം സിനിമയെ അനുകൂലിച്ചു കൊണ്ട് ഫാദർ ജെയിംസ് പനവേലില്‍ കൂടി രംഗത്ത് വന്നതോടെ വിവാദം പുതിയ വഴിത്തിരിവിൽ എത്തിച്ചേർന്നു. പക്ഷെ ഇപ്പോഴിതാ സിനിമയ്ക്കു ഈ പേര് നല്കാൻ ആവില്ലെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് കേരളാ ഫിലിം ചേംബർ തന്നെയാണ്.

സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല എന്നിങ്ങനെയുള്ള സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ഈ പേര് അനുവദിക്കാൻ ആവില്ലെന്ന നിലപാടിൽ ഫിലിം ചേംബർ എത്തിയിരിക്കുന്നത് എന്നാണ് സൂചന. ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവിന്റെ അപേക്ഷ തള്ളിയെങ്കിലും ഈ സിനിമ ഒടിടി റിലീസ് ആണെങ്കിൽ ഈശോ എന്ന പേര് ഉപയോഗിക്കുന്നതിന് തടസ്സമില്ല എന്നും ഫിലിം ചേംബർ പറയുന്നു. ചിത്രത്തിന്റെ ഉള്ളടക്കം എന്തെന്ന് മനസ്സിലാക്കാതെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച് ചലച്ചിത്രലോകം മുഴുവൻ നാദിർഷക്ക് പിന്തുണ നൽകി മുന്നോട്ടു വന്നിരുന്നു എന്നതും ശ്രദ്ധേയമാണ്. നാദിർഷായുടെ മറ്റൊരു ചിത്രമായ കേശു ഈ വീടിന്റെ നാഥന്റെയും പേര് മാറ്റണം എന്ന ആവശ്യവുമായി ചിലർ മുന്നോട്ടു വന്നിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close