നാദിർഷ എന്ന സംവിധായകൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ അമർ അക്ബർ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം രചിച്ചത് നവാഗതരായ വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ആയിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി റിലീസ് ചെയ്യുന്നതിന് മുൻപ്, തന്റെ ആദ്യ ചിത്രം സംഭവിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നാദിർഷ. ആദ്യം ആ സൂപ്പർ ഹിറ്റ് ചിത്രം ഒരു സിംഗിൾ ഹീറോ പ്രമേയം ആയിരുന്നുവെന്നും അതിന്റെ ടൈറ്റിൽ ഓഡിയന്സ് എന്നായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പിന്നീട് തങ്ങളത് മൂന്ന് നായകന്മാരുള്ള അമർ അക്ബർ അന്തോണിയായി മാറ്റിയതിന് ശേഷം മലയാളത്തിലെ ഒട്ടേറെ യുവതാരങ്ങളെ സമീപിച്ചെങ്കിലും അവരെല്ലാം ഈ ചിത്രം നിരസിച്ചുവെന്നും അങ്ങനെയാണ് ആദ്യം ഈ ചിത്രം ജയസൂര്യയുടെ മുന്നിലെത്തിയതെന്നും നാദിർഷ പറയുന്നു. അദ്ദേഹം ഇതിലെ അക്ബർ എന്ന കഥാപാത്രം ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. ആസിഫ് അലിയും ഇതിലെ ഒരു നായകനാവാൻ തയ്യാറായി മുന്നോട്ട് വന്നു.
അതിന് ശേഷമാണു ഈ ചിത്രവുമായി പൃഥ്വിരാജ് സുകുമാരന് മുന്നിലെത്തുന്നത്. തനിക്ക് ഈ ചിത്രത്തിൽ ഒന്നും ചെയ്യാനില്ലെങ്കിലും ഇതൊരു ഓടുന്ന ചിത്രമാകും എന്ന ഒറ്റ കാരണത്താൽ താനിതിന്റെ ഭാഗമാകാമെന്ന് പൃഥ്വിരാജ് സമ്മതിക്കുകയായിരുന്നു എന്നും നാദിർഷ ഓർത്തെടുക്കുന്നു. എന്നാൽ ഇതിലെ മൂന്ന് കഥാപാത്രങ്ങളായി ബ്ലോക്കബ്സ്റ്റർ ചിത്രം ക്ലാസ്സ്‌മേറ്റ്സിലെ ടീമായ താനും ജയസൂര്യയും ഇന്ദ്രജിത്തും എത്തുന്നതല്ലേ നല്ലതെന്ന പ്രിത്വിരാജിന്റെ ചോദ്യമാണ് ആ താരനിർണ്ണയത്തിലേക്ക് നയിച്ചതെന്ന് നാദിർഷ വെളിപ്പെടുത്തി.
ആസിഫ് അലി മികച്ച നടനാണെങ്കിലും പ്രായം കൊണ്ട് പൃഥ്വിരാജ്, ജയസൂര്യ എന്നിവരേക്കാൾ ചെറുപ്പം ആയത് കൊണ്ട് തന്നെ, അമർ അക്ബർ അന്തോണിയിലെ കൂട്ടുകാരിൽ ഒരുവനാകുമ്പോൾ അതിൽ ഒരസ്വഭാവികത തോന്നുമെന്ന പൃഥ്വിരാജ് പറഞ്ഞ ചിന്തയാണ് ഇപ്പോഴത്തെ താരനിരയിലേക്ക് എത്തിച്ചത്. എന്നാൽ താൻ നായക സ്ഥാനത്ത് നിന്ന് മാറി പോയ പ്രൊജക്റ്റ് ആയിട്ടും അതിൽ അതിഥി വേഷം ചെയ്ത് സഹകരിച്ച ആസിഫ് ചെയ്ത നന്മ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും നാദിർഷ പറഞ്ഞു. അതുപോലെ തന്നെ, അമർ അക്ബർ അന്തോണിക്ക് ഒരു രണ്ടാം ഭാഗം ആലോചനയിൽ ഉണ്ടെന്നും അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.