എസ് എസ് രാജമൗലി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ആർആർആർ ആഗോള ബോക്സ് ഓഫീസിൽ ആയിരം കോടി നേടി ചരിത്രമായത് പോലെ ഇപ്പോൾ അന്താരാഷ്ട്ര പുരസ്‍കാര വേദികളിലും തിളങ്ങുകയാണ്. സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച ആളായിരിക്കുകയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകനായ കീരവാണി. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഈ ചിത്രത്തിന് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്. ഇതിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ഗോൾഡൻ ഗ്ലോബ് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്. എസ്എസ് രാജമൌലിക്കും ആര്‍ആര്‍ആര്‍ ടീമിനും, കീരവാണിക്കും ആശംസകൾ നൽകികൊണ്ട് എ ആർ റഹ്മാൻ ഉൾപ്പെടെയുള്ളവർ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ആര്‍ആര്‍ആര്‍ ടീം വിജയം ആഘോഷിക്കുന്ന വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആർആർആറിൽ എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച ഗാനമാണ് നാട്ടു നാട്ടു.
And the GOLDEN GLOBE AWARD FOR BEST ORIGINAL SONG Goes to #NaatuNaatu #GoldenGlobes #GoldenGlobes2023 #RRRMovie
— RRR Movie (@RRRMovie) January 11, 2023
pic.twitter.com/CGnzbRfEPk
റിഹാന, ലേഡിഗാഗ , ടെയ്ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പം മത്സരിച്ചാണ് കീരവാണി ഈ അവാർഡ് കരസ്ഥമാക്കിയത്. എആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നതെന്നതാണ് ഈ പുരസ്‍കാര നേട്ടത്തെ കൂടുതൽ മധുരമുള്ളതാക്കുന്നത്. ചന്ദ്രബോസിന്റെ വരികൾക്കു കീരവാണി സംഗീതം നൽകിയപ്പോൾ നാട്ടു നാട്ടു ഗാനം ട്രെൻഡ് സെറ്റർ ആയി മാറി. ഈ ഗാനത്തിന്റെ വീഡിയോയും സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിലെ നായകന്മാരായ ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവരുടെ അതിചടുലമായ നൃത്തമായിരുന്നു ഈ ഗാനത്തിന്റെ മറ്റൊരു ഹൈലൈറ്റ്.