ഗോൾഡൻ ഗ്ലോബിന് ശേഷം ഇനി ഓസ്കാർ നേട്ടത്തിലേക്കടുത്ത് നാട്ടു നാട്ടു; വിസ്മയമായി രാജമൗലി ചിത്രം

Advertisement

എസ് എസ് രാജമൗലി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ആർആർആർ വീണ്ടും ഇന്ത്യൻ സിനിമയിലേക്ക് ഓസ്കാർ എത്തിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകരും സിനിമ പ്രേമികളും. സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച ചിത്രമായി ആർആർആർ മാറിയിരുന്നു. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഈ ചിത്രത്തിന് പുരസ്‍കാരം ലഭിച്ചത്. ഇതിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് സംഗീത സംവിധായകൻ കീരവാണിക്ക് ഗോൾഡൻ ഗ്ലോബ് ലഭിച്ചത്. ഇപ്പോഴിതാ ഇതേ ഗാനത്തിന് തന്നെ ഓസ്കാർ നോമിനേഷനും ലഭിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് അന്തിമ ഓസ്കാർ നോമിനേഷനുകൾ പുറത്ത് വിട്ടത്. അന്തിമ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചതോടെ എ ആർ റഹ്മാനും റസൂൽ പൂക്കുട്ടിക്കും ശേഷം ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ട് വരാൻ കീരവാണിക്ക് സാധിക്കുമെന്ന പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.

95-ാമത് അക്കാദമി അവാര്‍ഡ് പുരസ്കാരങ്ങള്‍ക്കായുള്ള ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചപ്പോൾ, ഒറിജിനൽ സോങ് വിഭാഗത്തിൽ ആർആർആറിലെ ഗാനത്തിന് നോമിനേഷൻ ലഭിച്ചതിനൊപ്പം തന്നെ, ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദേശമായിരുന്ന ഗുജറാത്തി ചിത്രം ദ് ചെല്ലോ ഷോ പട്ടികയില്‍ നിന്ന് പുറത്താവുകയും ചെയ്തു. എന്നാൽ, ഇന്ത്യന്‍ പ്രാതിനിധ്യമുള്ള രണ്ട് ഡോക്യുമെന്‍ററികള്‍ ഇത്തവണത്തെ അന്തിമ പട്ടികയില്‍ എത്തിയിട്ടുമുണ്ട്. മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമിനുള്ള നോമിനേഷനില്‍ നെറ്റ്ഫ്ലിക്സ് ചിത്രം ദി എലിഫന്‍റ് വിസ്പറേഴ്സ് ഇടം നേടിയപ്പോൾ, മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിമിനുള്ള നോമിനേഷനില്‍ ഓള്‍ ദാറ്റ് ബ്രീത്ത്സ് എന്ന ചിത്രവും ഇടം പിടിച്ചു. കാര്‍ത്തികി ഗോണ്‍സാല്‍വസ് ആണ് ദി എലിഫന്‍റ് വിസ്പറേഴ്സ് സംവിധാനം ചെയ്തതെങ്കിൽ, ഓള്‍ ദാറ്റ് ബ്രീത്ത്സ് ഒരുക്കിയത് ഷൌനക് സെന്‍ ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close