മലയാള സിനിമയിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് വിനയ് ഫോർട്ട്. 2009 ഇൽ ശ്യാമ പ്രസാദ് ചിത്രം ഋതുവിലൂടെ അരങ്ങേറ്റം കുറിച്ച വിനയ് ഫോർട്ടിന്റെ കരിയറിലെ ബ്രേക്ക് ആയത് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം ആണ്. ആ ചിത്രത്തിലെ കോളേജ് അധ്യാപകൻ ആയി ഗംഭീര പ്രകടനമാണ് വിനയ് ഫോർട്ട് കാഴ്ച്ച വെച്ചത്. അതുപോലെ കഴിഞ്ഞ വർഷം റീലീസ് ചെയ്ത തമാശ എന്ന ചിത്രത്തിലെ പ്രകടനവും ഈ നടന് വലിയ പ്രശംസ നേടിക്കൊടുത്തു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചു ഇറങ്ങിയ വിനയ് ഫോർട്ട് തന്റെ സ്കൂൾ പഠനകാലത്തെ കുറിച്ചു പറയുന്നത്, താൻ ഒരു നല്ല വിദ്യാർത്ഥി ആയിരുന്നില്ല എന്നാണ്. തന്റെ എസ്എസ്എൽസി ബുക്കിലെ മാർക്കുകൾ കണ്ട ഭാര്യ തകർന്നു പോയെന്നും വിനയ് ഫോർട്ട് പറയുന്നു.
വിനയ് ഫോർട്ട് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിനയ്‌യുടെ ഭാര്യ സൗമ്യ കെമിസ്ട്രിയിൽ റിസർച്ച് ചെയ്യുന്ന ആളാണ്. പ്രേമിക്കുന്ന സമയത്തു തന്റെ കെമിസ്ട്രി പരിജ്ഞാനം ഒന്നും ഭാര്യക്ക് അറിയില്ലായിരുന്നു എന്നും പിന്നീട് ഒരിക്കൽ തന്റെ എസ്എസ്എൽസി ബുക് നോക്കിയപ്പോൾ അവൾ തകർന്ന് പോയി എന്നും വിനയ് പറയുന്നു. കെമിസ്ട്രിക്ക് വിനയ് നേടിയത് 12 മാർക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. കെമിസ്ട്രി, ഫിസിക്സ്, ബയോളജി ഒക്കെ തനിക്ക് ചെകുത്താൻമാരെ പോലെ ആയിരുന്നു എങ്കിലും മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷാ വിഷയങ്ങളിൽ തനിക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു എന്നും വിനയ് വെളിപ്പെടുത്തി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി, മഹേഷ് നാരായണൻ ഒരുക്കിയ മാലിക് എന്നിവയാണ് വിനയ് അഭിനയിച്ചു റീലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.