വെറും വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല; കെപിഎസി ലളിതയുടെ വിയോഗത്തിൽ മോഹൻലാൽ..!

Advertisement

മലയാളത്തിന്റെ ഇതിഹാസ നടി ആയ കെ പി എ സി ലളിത വിട വാങ്ങി. കഴിഞ്ഞ ദിവസം രാത്രിയിൽ കൊച്ചിയിലെ തന്റെ ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം. ഒരുപാട് നാളായി സുഖമില്ലാതെ ചികിത്സയിൽ ആയിരുന്ന ലളിത ചേച്ചി മരിക്കുമ്പോൾ 74 വയസ്സായിരുന്നു. ഇന്നലെ രാത്രി മുതൽ തന്നെ മലയാള സിനിമാ ലോകവും പ്രേക്ഷകരും തങ്ങളുടെ പ്രീയപ്പെട്ട ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നിരുന്നു. ലളിത ചേച്ചിയെ അവസാനമായി ഒരു നോക്ക് കാണാൻ ഇന്നലെ രാത്രിതയിൽ ആദ്യം തന്നെയെത്തിയ ഒരാളായിരുന്നു മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. ചേച്ചിയുടെ വിയോഗത്തെ കുറിച്ച് പറയാൻ തനിക്കു വാക്കുകൾ കിട്ടുന്നില്ല എന്ന് പറഞ്ഞ മോഹൻലാൽ, തങ്ങൾ ഒരുമിച്ചു അഭിനയിച്ച ഒരുപാട് സിനിമകളിലെ ഓർമ്മകൾ ഉണ്ട് കൂടെ എന്ന് പ്രതികരിച്ചു. മരണ വീട്ടിൽ, ആ പ്രിയ സഹപ്രവർത്തകയുടെ വിയോഗത്തിൽ മനം നൊന്തിരിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

ഇപ്പോഴിതാ ലളിത ചേച്ചിയുടെ വിയോഗത്തിൽ മോഹൻലാൽ കുറിച്ച വാക്കുകളും സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുകയാണ്. അദ്ദേഹം കുറിച്ചത് ഇങ്ങനെ, “ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എൻ്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ.” സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, വെള്ളാനകളുടെ നാട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വരവേൽപ്പ്, ദശരഥം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, പട്ടണ പ്രവേശം, ഭരതം, സദയം, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്തു, പവിത്രം, സ്ഫടികം, കന്മദം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, മാടമ്പി, ഇട്ടിമാണി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട് മോഹൻലാൽ- കെ പി എ സി ലളിത ടീം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close