മലയാള സിനിമയിൽ അധികമാരും പരീക്ഷിക്കാത്ത ഒരു ജോണറാണ് ഹൊറർ. പൃഥ്വിരാജ് നായകനായിയെത്തിയ എസ്രയാണ് മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയ ഹൊറർ ചിത്രം. സാങ്കേതിക മികവ്കൊണ്ട് ഏറെ ശ്രദ്ധ നേടിയ എസ്രയ്ക്ക് ശേഷം ഹൊറർ വിഭാഗത്തിലുള്ള ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നീലി’. നവാഗതനായ അൽത്താഫ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായിക പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ലക്ഷ്മി എന്ന അമ്മ വേഷത്തിലാണ് മംമ്ത പ്രത്യക്ഷപ്പെടുക. വൈകാരിക രംഗങ്ങളും, ഭീതിലാഴ്ത്തുന്ന രംഗങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് ഒരു മുഴുനീള ഹൊറർ ചിത്രമായാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏറെ നിഗൂഢതകൾ നിറഞ്ഞ പോസ്റ്ററിലൂടെയാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ആസിഫ് അലി പുറത്തുവിട്ട നീലിയിലെ ഗാനം പ്രേക്ഷകരുടെ ഇടയിൽ നല്ല സ്വീകരിത നേടി. മെഗാസ്റ്റാർ മമ്മൂട്ടി പുറത്തുവിട്ട ട്രെയ്‌ലറാണ് ചിത്രത്തിന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തിയത്. റിലീസിമായി ഒരുങ്ങികൊണ്ടിരിക്കുന്ന നീലിയ്ക്ക് ആശംസകളുമായി പ്രിയാമണി അടുത്തിടെ മുന്നോട്ട് വന്നിരുന്നു, ഇപ്പോൾ സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ് രംഗത്തെത്തിയിരിക്കുന്നത്.
നീലിയിലെ സംഗീതം വളരെ നന്നായാണ് ഒരുക്കിയിരിക്കുന്നതെന്നും സംഗീത സംവിധായകൻ ശരത്തിന്റെ വലിയ ഒരു ആരാധകൻ കൂടിയാണ് താനെന്ന് ഷാൻ റഹ്മാൻ വ്യക്തമാക്കി. ഹൊറർ ജോണറിലുള്ള ചിത്രങ്ങൾ തനിക്ക് വളരെ ഇഷ്ടമാണെന്നും ചിത്രം വലിയ വിജയമായി തീരട്ടെ എന്നും കൂടി ഷാൻ ആശംസിക്കുകയുണ്ടായി. നീലിയിലെ ഗാനങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടമാവുമെന്നും എല്ലാവരും തീയറ്ററുകളിൽ തന്നെ ചിത്രം കാണുവാൻ ആവശ്യപ്പെടുകയുണ്ടായി. സംഗീത സംവിധായകൻ ശരത്തിന്റെ അടുത്തിടെ ഏറെ ശ്രദ്ധേയമായ ഗാനങ്ങൾ മമ്മൂട്ടി ചിത്രം പരോളിലായിരുന്നു. നീലിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് റിയാസ് മാറാത്തുവും മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ്. അനൂപ് മേനോൻ, സിനിൽ സയ്‌നുദീൻ, ശ്രീകുമാർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സാജനാണ്. സൺ ആഡ്‌സിന്റെയും ഫിലിം പ്രൊഡക്ഷന്റെയും ബാനറിൽ സുന്ദർ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്. ആഗസ്റ്റ് 10ന് നീലി കേരളത്തിൽ പ്രദർശനത്തിനെത്തും.