ഗംഭീര താള വാദ്യങ്ങൾ; മോഹൻലാൽ ചിത്രം ആറാട്ടിന്റെ സംഗീത വിശേഷം പങ്കു വെച്ച് സംഗീത സംവിധായകൻ രാഹുൽ രാജ്..!

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ആറാട്ടു എന്ന ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കാനിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് നെയ്യാറ്റിൻകര ഗോപൻ എന്നാണെന്നും അതുപോലെ ഇതിൽ മോഹൻലാൽ 2255 നമ്പർ ഉള്ള ഒരു പഴയ മോഡൽ മെഴ്‌സിഡസ് ബെൻസ് ആണ് ഉപയോഗിക്കുന്നത് എന്നും വാർത്തകൾ വന്നിരുന്നു. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങളും സംഗീതവും ഒരുക്കുന്നത് സൂപ്പർ ഹിറ്റ് ഗാനങ്ങൾ നമ്മുക്ക് സമ്മാനിച്ച രാഹുൽ രാജ് ആണ്. മോഹൻലാൽ – അൻവർ റഷീദ് ചിത്രം ഛോട്ടാ മുംബൈക്ക് ഈണമൊരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച രാഹുൽ രാജ് തന്നെയാണ് മോഹൻലാൽ നായകനായ മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിനു വേണ്ടിയും സംഗീതമൊരുക്കിയത്. ഇപ്പോഴിതാ ആറാട്ട് എന്ന ചിത്രത്തിന് വേണ്ടി താൻ ഒരുക്കുന്ന സംഗീതത്തെ കുറിച്ച് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിരിക്കുകയാണ് രാഹുൽ രാജ്.

ഹെവി, താളവാദ്യങ്ങള്‍ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം സംഗീതമൊരുക്കുന്ന ചിത്രം പങ്കു വെച്ചിരിക്കുന്നത്. സ്റ്റുഡിയോയില്‍ ചെണ്ടപോലെ വലുപ്പമേറിയ രണ്ട് താളവാദ്യങ്ങള്‍ ഒരേസമയം വായിക്കുന്ന ഒരു വാദ്യ കലാകാരന്റെ ചിത്രമാണ് രാഹുൽ രാജ് പങ്കു വെച്ചിരിക്കുന്നത്. അടിച്ചുപൊളി പാട്ട് വേണമെന്നും മാസ് ബിജിഎം വേണമെന്നുമൊക്കെ കമന്‍റുകളുമായി മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ഈ ഫേസ്ബുക് പോസ്റ്റിൽ എത്തുന്നുമുണ്ട്. എന്തായാലും രാഹുൽ രാജിന്റെ ഈ പോസ്റ്റ് വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചന. ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിജയ് ഉലകനാഥ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close