
ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥ രചയിതാക്കളിൽ ഒരാളാണ് മുരളി ഗോപി. അതിനൊപ്പം ഒരു മികച്ച നടനും കൂടിയായ അദ്ദേഹം, അന്തരിച്ചു പോയ ഇതിഹാസ നടൻ ഭരത് ഗോപിയുടെ മകൻ ആണ്. രസികൻ എന്ന ലാൽ ജോസ് ചിത്രം രചിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ച അദ്ദേഹം ആ ചിത്രത്തിലെ വില്ലൻ വേഷം ചെയ്‌തും ശ്രദ്ധ നേടി. പിന്നീട്, ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാര സംഭവം, ലൂസിഫർ എന്നിവയും രചിച്ച അദ്ദേഹം ഇനി ഇറങ്ങാൻ പോകുന്ന തീർപ്പ്, എംപുരാൻ എന്നീ ചിത്രങ്ങളും രചിച്ചിട്ടുണ്ട്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം ലൂസിഫർ മുരളി ഗോപിയുടെ കരിയറിലെ മാത്രമല്ല, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം നേടി ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം അദ്ദേഹം രചിച്ച ടിയാൻ, കമ്മാര സംഭവം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളും പല തരത്തിൽ ഉള്ള വിമർശനങ്ങളും അതുപോലെ അഭിനന്ദനവും നേടിയെടുത്തിട്ടുണ്ട്.
ഇപ്പോഴിതാ ആ വിമർശനങ്ങളെ നേരിടുന്നതിനെ കുറിച്ച് പറയുകയാണ് മുരളി ഗോപി. നമ്മൾ ഒരു സൃഷ്ടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചു കഴിഞ്ഞാൽ പിന്നീട് അത് അവരുടേത് ആയി കഴിഞ്ഞെന്നും, അവർ അതിനെ മനസ്സിലാക്കുന്നത് വ്യത്യസ്ത രീതിയിൽ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. പല തരത്തിലുള്ള ആളുകൾ ആണ് സിനിമ വിമർശിക്കുന്നത് എന്നും അവർക്കെല്ലാം അതിനു പല അജണ്ടകളും കാരണങ്ങളും കാണുമെന്നും മുരളി ഗോപി വിശദീകരിക്കുന്നു. അതിനു മുഴുവൻ നമ്മുക്ക് വിശദീകരണം കൊടുക്കാൻ സാധിക്കില്ല എന്നും, നമ്മുടെ ഒരു സൃഷ്ടി ആസ്വാദകന് മുന്നിലേക്ക് എത്തിക്കഴിഞ്ഞാൽ പിന്നെ അതിനു ലഭിക്കുന്നത് ഹാരം ആയാലും കല്ലേറായാലും സ്വീകരിക്കുക എന്നതല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല എന്നും അദ്ദേഹം വിശദമാക്കുന്നു. നമ്മൾ കൊടുത്തത് മനസ്സിലാവാത്തവർ മുതൽ, സിനിമാ വിദ്യാഭ്യാസം ഇല്ലാത്ത നിരൂപകരും രാഷ്ട്രീയ അജണ്ടകൾ വരെ വെച്ച് പുലർത്തുന്നവരും വരെ വിമർശനങ്ങളുമായി എത്തുമെന്നും അതിനു മുഴുവൻ മറുപടി കൊടുക്കാൻ നമ്മുക്ക് സാധിക്കില്ല എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കാമ്പുള്ള വിമർശനങ്ങളെ ബഹുമാനത്തോടെ തന്നെയാണ് കാണുന്നത് എന്നും അദ്ദേഹം വ്യക്‌തമാക്കുന്നു.