‘മരണമാസ്സ് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത..’സിനിമയെ അഭിനന്ദിച്ച് മുരളി ഗോപി

Advertisement

മരണമാസ്സ്‌ സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ ധീരതയാണ് വെളിപ്പെടുത്തുന്നതെന്നതാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡാർക്ക് ഹ്യൂമറും സ്പൂഫും ചേർത്ത genre-mix തിരഞ്ഞെടുക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരതയാണെന്ന അഭിപ്രായത്തോടെ തുടങ്ങുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

‘ ഡാർക്ക് ഹ്യൂമറും സ്പൂഫും. സിനിമയിൽ ഏറ്റവും ശ്രമകരമായ രണ്ട് ജനുസ്സുകളാണ് ഇവ. ആദ്യ സംരംഭത്തിൽ തന്നെ ഇവ രണ്ടിന്റെയും ഒരു genre-mix തിരഞ്ഞെടുക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരതയും. “മരണമാസ്സ്” എന്ന ചിത്രത്തിലൂടെ അതിന്റെ സഹരചയിതാവും സംവിധായകനുമായ ശിവപ്രസാദ് ചെയ്തിരിക്കുന്നതും ഇത് തന്നെ. കൂട്ടച്ചിരിയിലേക്കും അടക്കിച്ചിരിയിലേക്കും ഉൾച്ചിരിയിലേക്കും ഒന്നിലേറെ തവണ ഈ സിനിമ ഇതിന്റെ സദസ്സിനെ നയിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ വിജയം തന്നെയാണെന്ന് ഈ ജനുസ്സിനെ സ്നേഹിക്കുന്നവർക്ക് അറിയാം. അഭിനന്ദനങ്ങൾ ‘

Advertisement

അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിൽ അവതരിപ്പിച്ചിട്ടുള്ള മരണമാസ് ഈ വിഷുകാലത്ത് റിലീസ് ചെയ്തിട്ടുള്ള ചിത്രങ്ങൾക്കിടയിൽ മികച്ച അഭിപ്രായം നേടിയിട്ടുള്ള സിനിമയാണ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലുന്ന സീരിയൽ കില്ലറിന്റെ കഥ പറയുന്ന ചിത്രത്തിന് സിജു സണ്ണിയാണ് കഥ ഒരുക്കിയിരിക്കുന്നത്. സിജു സണ്ണിയും ശിവപ്രസാദും ചേർന്നാണ് തിരക്കഥ ചെയ്തിരിക്കുന്നത്. ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായകനായി എത്തിയത് ബേസിൽ ജോസഫാണ്. ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close