ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന തല്ലുമാല എന്ന ചിത്രം ഓഗസ്റ്റ് പന്ത്രണ്ടിന് റിലീസ് ചെയ്യാൻ പോവുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേർന്നാണ്. കെ എൽ 10 പത്ത് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള മുഹ്സിൻ പരാരി, സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി, വൈറസ് എന്നീ ചിത്രങ്ങളുടേയും രചന നിർവഹിച്ചിട്ടുണ്ട്. അത് കൂടാതെ, നേറ്റീവ് ബാപ്പ, ഫ്യൂണറൽ ഓഫ് എ നേറ്റീവ് സൺ, 3 എ എം എന്നിങ്ങനെയുള്ള ഹിപ് ഹോപ് മ്യൂസിക് ആൽബങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മാമുക്കോയ, സലിം കുമാർ എന്നിവരൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ ഹിപ് ഹോപ് ആൽബങ്ങൾ വലിയ ശ്രദ്ധയാണ് നേടിയിട്ടുള്ളത്. ഇപ്പോഴിതാ തല്ലുമാല എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി റേഡിയോ മംഗോ ജോഷ് ജംക്ഷൻ പരിപാടിയിൽ പങ്കെടുക്കവെ മുഹ്‌സിൻ പരാരി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
മാമുക്കോയ, സലിം കുമാർ എന്നിവർ ഭാഷ ഉപയോഗിക്കുന്ന രീതിയുടെ പ്രത്യേകത കൊണ്ടാണ് തന്റെ മലയാളം ഹിപ് ഹോപ് ആൽബങ്ങളുടെ ഭാഗമായി അവർ എത്തിയതെന്നാണ് മുഹ്‌സിൻ പറയുന്നത്. ഇനി ഇന്ദ്രൻസ് ഭാഗമാകുന്ന ഒരു മ്യൂസിക് വീഡിയോ, ചെമ്പൻ വിനോദ്, തമിഴ് റാപ്പർ അറിവ് എന്നിവർ ഭാഗമായി എത്തുന്ന മ്യൂസിക് വീഡിയോ എന്നിവയും വരാനുണ്ടെന്നും മുഹ്‌സിൻ പറയുന്നു. അതുപോലെ തനിക്കു ആഗ്രഹമുള്ളത്, മമ്മൂട്ടി, രജനികാന്ത്, നസീറുദീൻ ഷാ എന്നിവരൊക്കെ ഭാഗമാകുന്ന ഇത്തരം മ്യൂസിക് വീഡിയോകൾ ചെയ്യണമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള സിനിമയിലെ അറിയപ്പെടുന്ന രചയിതാവാണ് മുഹ്‌സിൻ എന്നത് കൊണ്ട് തന്നെ അതും നടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.