ഓഫ് റോഡ് മഡ് റേസിങ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ചിത്രമായ മഡി ഇന്നലെയാണ് തീയേറ്ററുകളിൽ എത്തിയത്. ഡോക്ടർ പ്രഗാബൽ സംവിധാനം ചെയ്ത മഡ്‌ഡി, പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് ആണ് നിർമ്മിച്ചത്. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയിരിക്കുന്ന ഈ ചിത്രം ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. 4 x 4 ഓഫ് റോഡ് മഡ് റേസിങ് എന്ന അഡ്വെഞ്ചർ സ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം യുവ പ്രേക്ഷകരെയാണ് കൂടുതൽ ആകർഷിക്കുന്നത്. കിടിലൻ റേസിംഗ് സീനുകളും ആക്ഷനും ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അതൊനൊപ്പം തന്നെ വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിന് മാറ്റു കൂട്ടുന്നു. ഒരു പക്കാ ആക്ഷൻ അഡ്വെഞ്ചർ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ഡോക്ടർ പ്രഗാബൽ, മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് റിദാൻ കൃഷ്ണ, യുവാൻ, അനുഷ സുരേഷ്, രഞ്ജി പണിക്കർ, ബിനീഷ് ബാസ്റ്റിൻ, ഐ എം വിജയൻ, ഹരീഷ് പേരാടി, ശോഭ മോഹൻ, മനോജ് ഗിന്നസ്, സുനിൽ സുഗത എന്നിവരാണ്. കെ ജി രതീഷ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് കെ ജി എഫിന് സംഗീതം നൽകിയ രവി ബസ്‌റൂർ ആണ്. ഗംഭീരമായ പശ്‌ചാത്തല സംഗീഹവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രാക്ഷസൻ എന്ന തമിഴ് ത്രില്ലർ എഡിറ്റ് ചെയ്ത സാൻ ലോകേഷ് ആണ്.