എംടിയുടെ ‘ശിലാലിഖിതം’ സിനിമയാക്കാൻ പ്രിയദർശൻ

Advertisement

ഇന്ത്യൻ സാഹിത്യ ലോകത്തെ ഇതിഹാസ തുല്യരായ എഴുത്തുകാരുടെ കൂട്ടത്തിലാണ് മലയാളത്തിന്റെ അഹങ്കാരമായ എം ടി വാസുദേവൻ നായരുടെ സ്ഥാനം. അദ്ദേഹത്തിന്റെ സാഹിത്യ കൃതികളും സിനിമകളുമെല്ലാം കാലത്തേ അതിജീവിക്കുന്നതാണ്. ഇപ്പോഴിതാ എം ടി വാസുദേവൻ നായർ രചിച്ച ആറ് കഥകൾ ചേർത്തുവെച്ചൊരു ആന്തോളജി അണിയറയിൽ ഒരുങ്ങുകയാണ്. ഒടിടി ഭീമന്മാരായ നെറ്റ്ഫ്ലിക്സ് ആണ് ഇത് നിർമ്മിക്കുന്നതെന്നും റിപ്പോർട്ടുകൾ വരുന്നു. മലയാളത്തിലെ ആറു പ്രമുഖ സംവിധായകർ ആവും ഈ ആറു കഥകൾ ഒരുക്കുക. അതിൽ ഒന്ന് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ പ്രിയദർശൻ ആണ്. ആദ്യമായാണ് പ്രിയദർശൻ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരു ചിത്രം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ശിലാലിഖിതം എന്ന കഥയാണ് പ്രിയദർശൻ സിനിമയാക്കുന്നത്.

പ്രശസ്ത നടൻ ബിജു മേനോൻ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ബിജു മേനോൻ ആദ്യമായി അഭിനയിക്കുന്ന പ്രിയദർശൻ ചിത്രവും എം ടി ചിത്രവും ആയിരിക്കും ഇതെന്ന പ്രത്യേകതയും ഉണ്ട്. എം ടി തനിക്ക് തിരക്കഥ കൈമാറി എന്നും തന്റെ ഏറ്റവും വലിയ സ്വപ്നമാണ് പൂർത്തീകരിക്കാൻ പോകുന്നതെന്നും പ്രിയദർശൻ പറയുന്നു. ഇത് കൂടാതെ എം ടി യുടെ അഭയം എന്ന കഥ സന്തോഷ് ശിവൻ ആണ് ഒരുക്കുന്നത് എന്നും അതിൽ നടൻ സിദ്ദിഖ് ആണ് പ്രധാന വേഷം ചെയ്യുക എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മറ്റു നാല് കഥകൾ ആരൊക്കെ ഒരുക്കും എന്നുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ശ്യാമപ്രസാദ്, രഞ്ജിത് എന്നിവരുടെ പേരുകൾ ആണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയതിനു ശേഷം ആവും ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കുക. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close