അഭിനയത്തിന്റെ ഏതു മാനദണ്ഡം വെച്ച് അളന്നാലും ലോക നിലവാരത്തിൽ ഈ നടനുണ്ട്; എം ടി വാസുദേവൻ നായർ..!

Advertisement

മലയാള സാഹിത്യ ചരിത്രത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ എം ടി വാസുദേവൻ നായർ തിരക്കഥ രചയിതാവ്, സംവിധായകൻ എന്ന നിലയിലൊക്കെ സിനിമാ രംഗത്തേയും കുലപതികളിൽ ഒരാളാണ്. അദ്ദേഹം രചിച്ച ചിത്രങ്ങളിൽ ഏറെയും ഒട്ടേറെ സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്‍കാരങ്ങളും ശ്രദ്ധയും നേടിയിട്ടുണ്ട്. മലയാളത്തിലെ മഹാനടന്മാരെയെല്ലാം താൻ സൃഷ്‌ടിച്ച കഥാപാത്രങ്ങളാക്കി വെള്ളിത്തിരയിൽ കൊണ്ട് വന്നിട്ടുള്ള എം ടി വാസുദേവൻ നായർ മോഹൻലാൽ എന്ന നടന് വേണ്ടി രചിച്ചതും അതിഗംഭീരമായ കഥാപാത്രങ്ങൾ. ഉയരങ്ങളിൽ, അടിയൊഴുക്കുകൾ, ആൾ കൂട്ടത്തിൽ തനിയെ, അനുബന്ധം, ഇടനിലങ്ങൾ, രംഗം, പഞ്ചാഗ്നി, അഭയം തേടി, അമൃതം ഗമയ, താഴ്‌വാരം, സദയം തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാൽ- എം ടി വാസുദേവൻ നായർ ടീം ഒന്നിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവരാണ് എം ടി ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ഇരുവരും എം ടി രചിച്ച പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാൽ എന്ന നടന്റെ അറുപതാം പിറന്നാൾ വേളയിൽ എം ടി വാസുദേവൻ നായർ ഈ നടനെ കുറിച്ച് പറയുന്ന വാക്കുകൾ ശ്രദ്ധേയമാവുകയാണ്.

എം ടി വാസുദേവൻ നായർ പറയുന്നത് ഇപ്രകാരം, തന്റെ അഭിനയം കൊണ്ട് എഴുത്തുകാരനും സംവിധായകനും മനസ്സിൽ കാണുന്നതിലും ഉയർന്ന തലങ്ങളിലേക്ക് കഥാപാത്രത്തെ കൊണ്ട് പോകാൻ കഴിയുമ്പോഴാണ് ഒരു നടൻ വലിയ നടനാവുന്നതു. അങ്ങനെയൊരു നടനാണ് മോഹൻലാൽ. ജന്മനാ ഉള്ള പ്രതിഭക്കൊപ്പം അർപ്പണവും അധ്വാനവും വേണ്ടി വരും കലാകാരന് ഉയരങ്ങളിലെത്താനും ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടാനും. ഇതെല്ലാം ഈ നടനിൽ ഒത്തു ചേരുന്നു. സിനിമാ നടൻ ആയിരിക്കുമ്പോഴും സിനിമയേക്കാൾ പ്രധാനമായി അഭിനയത്തെ കാണുന്ന ആളുമാണ് മോഹൻലാൽ. അതുകൊണ്ടാണ് നാടകത്തിലേക്കു ഇടയ്ക്കു വരാൻ കഴിയുന്നത്. കർണ്ണഭാരം കണ്ടത് ഞാൻ ഓർക്കുന്നു. സഹസ്രാബ്ദങ്ങൾക്കു മുൻപ് ഭാസമഹാകവി സംസ്‌കൃതത്തിൽ രചിച്ച ആ നാടകം ഇക്കാലത്തു സംസ്‌കൃതത്തിൽ തന്നെ അവതരിപ്പിക്കുന്ന സാഹസം. കർണ്ണൻ എന്ന കഥാപാത്രത്തെ ലാൽ അവിസ്മരണീയ അനുഭവമാക്കി. അഭിനയത്തിന്റെ ഏതു മാനദണ്ഡം വെച്ച് അളന്നാലും ലോകനിലവാരത്തിൽ ഈ നടനുണ്ട്. അഭിനയം ഒരു തപസ്യയായിക്കാണുന്ന ആൾ. അതുകൊണ്ടു തന്നെയാണ് മലയാളിക്ക് അയാള സ്വകാര്യ അഹങ്കാരമാകുന്നതും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close