മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ കഴിഞ്ഞ ദിവസം കോവിഡ് വാക്സിനേഷൻ സ്വീകരിച്ചു. ബിഗ് ബോസ് ഷൂട്ടിങ്ങിനു ശേഷം ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയ മോഹൻലാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. കോവിഡ് വാക്സിൻ എടുക്കേണ്ടത് നമുക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സർക്കാർ നിർദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്സിനേഷനിൽ പങ്കാളികളാകണമെന്നും അദ്ദേഹം ഏവരോടും അഭ്യർത്ഥിച്ചു. അറുപതു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായുള്ള വാക്സിനേഷൻ ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ വാക്സിൻ സ്വീകരിച്ചു ഇരുപത്തിയെട്ടു ദിവസം കഴിഞ്ഞു രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കണം. ഇപ്പോൾ തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിൽ വ്യാപൃതനായ മോഹൻലാൽ രണ്ടോ മൂന്നോ ദിവസത്തെ വിശ്രമത്തിനു ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ആറാട്ട് എന്ന ചിത്രത്തിന്റെ ശേഷിക്കുന്ന മൂന്നോ- നാലോ ദിവസത്തെ ചിത്രീകരണത്തിൽ പങ്കു ചേരും. അതിനു ശേഷം ഈ മാസം അവസാനത്തോടെ ബറോസിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിക്കും.
മോഹൻലാൽ തന്നെ നായക വേഷവും ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജിജോ പുന്നൂസ് ആണ്. ആശീർവാദ് സിനിമാസ് നിർമ്മക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രീഡി ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനും സംഗീതമൊരുക്കുന്നത് ലിഡിയൻ നാദസ്വരവുമാണ്. സന്തോഷ് രാമൻ കലാസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറെ വിദേശ താരങ്ങളും മലയാളത്തിൽ നിന്ന് പ്രതാപ് പോത്തനും അഭിനയിക്കുന്നുണ്ട്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്നുണ്ട് എന്നാണ് വാർത്തകൾ പറയുന്നത്. അടുത്ത മാസത്തിലെ ഗോവ ഷെഡ്യൂളിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.