അന്ന് ഋഷിയുടെ സൗഹൃദവും സ്നേഹവും നേരിട്ടനുഭവിക്കാൻ കഴിഞ്ഞു; ഓർമകൾ പങ്കു വെച്ചു മെഗാ സ്റ്റാർ മമ്മൂട്ടി

Advertisement

ഇന്നലെയാണ് ബോളിവുഡ് സിനിമയിലെ പ്രശസ്ത താരങ്ങളിലൊരാളായ ഋഷി കപൂർ അന്തരിച്ചത്. അർബുദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് അറുപത്തിയേഴ്‌ വയസ്സായിരുന്നു. ബോളിവുഡിലെ ഏറ്റവും വലിയ സിനിമാ കുടുംബത്തിൽ ജനിച്ച ഋഷി കപൂർ നായകനായി അരങ്ങേറിയത് ബോബി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു. ഇപ്പോൾ രാജ്യം ലോക്ക് ഡൗണിലായത് കൊണ്ടും കൊറോണക്കെതിരായ പോരാട്ടത്തിൽ ആയതു കൊണ്ടും ഇരുപതോളം പേർ മാത്രം പങ്കെടുത്ത സംസ്കാര ചടങ്ങാണ് അദ്ദേഹത്തിന് വിട നൽകാനായി ഒരുക്കിയത്. സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആദരാഞ്ജലികൾ അർപ്പിച്ചു. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരും യുവ താരങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച  മമ്മൂട്ടി അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കു വെക്കുകയാണ്. കപൂർ കുടുംബത്തിലെ ഏറ്റവും മികച്ച അഭിനേതാവ് ഋഷി കപൂർ ആണെന്നും കുറച്ചു നാൾ മുൻപ് അദ്ദേഹം അഭിനയിച്ച 102 നോട്ട് ഔട്ട് എന്ന ചിത്രത്തിലെ പ്രകടനം കണ്ടു താൻ വിസ്മയിച്ചു പോയെന്നും മമ്മൂട്ടി പറഞ്ഞു. ധർത്തിപുത്ര എന്നൊരു ഹിന്ദി സിനിമയിൽ അദ്ദേഹവും താനും അഭിനയിച്ചിരുന്നു എങ്കിലും തങ്ങൾ ഒരുമിച്ചു വരുന്ന സീൻ ഉണ്ടായിരുന്നില്ല എന്നും പക്ഷെ ഋഷിയുടെ സ്നേഹവും സൗഹൃദവും നേരിട്ടനുഭവിക്കാൻ സാധിച്ചു എന്നും മമ്മൂട്ടി പറയുന്നു. ഇന്ത്യൻ സിനിമാ ലോകത്തിനു വലിയ നഷ്ടമാണ് ഋഷി കപൂറിന്റെ വിയോഗമെന്നും മമ്മൂട്ടി വിശദീകരിച്ചു. തന്റെ മനസ്സിലെ ഏറ്റവും വലിയ റൊമാന്റിക് ഹീറോ ആയിരുന്നു ഋഷി കപൂർ എന്ന് പറഞ്ഞ മമ്മൂട്ടി അദ്ദേഹത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളും അർപ്പിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close