സച്ചിക്കു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളർപ്പിച്ചു മലയാള സിനിമാ ലോകം..!

Advertisement

ഇന്നലെ രാത്രി നമ്മളെ വിട്ട് പിരിഞ്ഞ സച്ചി എന്ന പ്രതിഭക്കു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുകയാണ് മലയാള സിനിമാ ലോകം. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും മുതൽ, യുവ താരങ്ങളും സംവിധായകരും മറ്റു സിനിമാ പ്രവർത്തകരുമെല്ലാം തങ്ങളുടെ സ്വന്തം സച്ചിക്കു ആദരാഞ്ജലികൾ നൽകികൊണ്ട് മുന്നോട്ടു വരികയാണ്. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് പുറമെ പൃഥ്വിരാജ് സുകുമാരൻ, ദിലീപ്, ജയറാം, നിവിൻ പോളി, ടോവിനോ തോമസ്, ദുൽഖർ സൽമാൻ, ബിജു മേനോൻ, അജു വർഗീസ്, ഇന്ദ്രജിത് സുകുമാരൻ, സുരേഷ് ഗോപി തുടങ്ങി ഒട്ടേറെ താരങ്ങൾ സച്ചിക്കു ആദരാഞ്ജലികൾ അർപ്പിച്ചു. നഷ്ടങ്ങളുടെ വർഷത്തിൽ നികത്താനാവാത്ത ഒരു നഷ്ടം കൂടി എന്നാണ് നടി മഞ്ജു വാര്യർ സച്ചിയുടെ വേർപാടിനെക്കുറിച്ചു പറയുന്നത്. എടാ കൊച്ചുചേർക്ക എന്ന് സച്ചിയേട്ടൻ തന്നെ വിളിക്കുന്നത് ഓർമിച്ചു കൊണ്ടാണ് നടൻ ആസിഫ് അലി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. നടിമാരായ ഭാവന, പാർവതി തിരുവോത്, റിമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, മിയ ജോർജ്, നമിത പ്രമോദ്, പ്രയാഗ മാർട്ടിൻ, ഇനിയ തുടങ്ങിയവരും സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇവർക്ക് പുറമെ സംവിധായകരായ അരുൺ ഗോപി, രഞ്ജിത്ത് ശങ്കർ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ് തുടങ്ങി ഒട്ടേറെ മലയാള സിനിമാ സംവിധായകരും തങ്ങളുടെ സഹപ്രവർത്തകനെ കുറിച്ച് ഓർക്കുന്നു.

നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്ടം കൂടിയാണ് സച്ചിയുടെ മരണം എന്ന് പറഞ്ഞ ഷാജി കൈലാസ് കുറിക്കുന്നത് ഒരുപാട് നേരത്തെയാണ് ഈ യാത്ര. കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരൻ. പ്രതിഭയാർന്ന സംവിധായകൻ. അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്. എന്നാണ്. തീയറ്ററുകളെ പ്രേക്ഷകർ ആർത്തിരമ്പുന്ന പൂരപ്പറമ്പുകളാക്കാൻ നിസാരമായി കഴിയുന്ന മാന്ത്രികനായിരുന്നു, സച്ചി എന്ന് പറഞ്ഞ ബി ഉണ്ണികൃഷ്ണൻ, അയാളോളം, ജനപ്രിയ സിനിമയുടെ രസക്കൂട്ട്‌ അറിയുന്ന, അതിനെ അതിവിദഗ്ധമായി പാക്ക്‌ ചെയ്യുന്ന മറ്റൊരു എഴുത്തുകാരൻ ഇന്നില്ല എന്ന് തന്നെ പറയാമെന്നും കൂട്ടിച്ചേർക്കുന്നു. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്നാണ് ബഹുമാനപെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അനുശോചന കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close