വിങ്ങിപ്പൊട്ടി മലയാള സിനിമാ ലോകം; സിദ്ദിഖിനെ അവസാനമായി കാണാൻ ഒഴുകിയെത്തി സഹപ്രവർത്തകർ.

Advertisement

മലയാളികളുടെ പ്രീയപ്പെട്ട സംവിധായകനായ സിദ്ദിഖ് ഇന്നലെയാണ് അന്തരിച്ചത്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ മരണം വലിയ വേദനയാണ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടാക്കിയത്. ഇന്ന് രാവിലെ മുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദര്ശനത്തിന് വെച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം കാണാൻ ആരാധകർക്കും സിനിമാ പ്രേമികൾക്കുമൊപ്പം മലയാള സിനിമാ ലോകവും ഒഴുകിയെത്തി. മെഗാസ്റ്റാർ മമ്മൂട്ടിയുൾപ്പെടെയുള്ള താരങ്ങൾ അദ്ദേഹത്തിനെ അവസാനമായി കാണാനെത്തി അന്തിമോപചാരം അർപ്പിച്ചു.

മമ്മൂട്ടിയെ കൂടാതെ ഫഹദ് ഫാസിൽ, നസ്രിയ, ഫാസിൽ, ലാൽ, നടൻ സിദ്ദിഖ്, സംവിധായകൻ കമൽ, വിനയൻ, ബി ഉണ്ണികൃഷ്ണൻ, ലിസ്റ്റിൻ സ്റ്റീഫൻ, ജി സുരേഷ് കുമാർ, ഫർഹാൻ ഫാസിൽ, സ്വർഗചിത്ര അപ്പച്ചൻ തുടങ്ങി ഒട്ടേറെ പേർ സിദ്ദിഖിനെ അവസാനമായി കാണാനെത്തി. ഫാസിലിനെ കെട്ടിപ്പിടിച്ചു കരയുന്ന ലാലിന്റെ ദൃശ്യങ്ങൾ വലിയ നൊമ്പരമായി മാറി. ജയറാം, ജഗദീഷ്, മുകേഷ്, ദുൽഖർ സൽമാൻ, സംവിധായകൻ സിബി മലയിൽ എന്നിവരും അവിടെ എത്തിച്ചേർന്നു. അന്യഭാഷാ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇല്ലാത്ത തനിക്ക് സിദ്ദിഖിനെ അവസാനമായി കാണാൻ സാധിക്കാത്തതിലുള്ള സങ്കടം മോഹൻലാൽ പങ്ക് വെച്ചതും ഏവർക്കും നൊമ്പരം നൽകിയ ഒന്നായിരുന്നു.

Advertisement

ഇവർക്കൊപ്പം സിദ്ദിഖിന്റെ മിമിക്രി കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ഒട്ടേറെ കലാകാരന്മാരും തങ്ങളുടെ പ്രിയ സുഹൃത്തിനെ കാണാൻ എത്തിച്ചേർന്നു. ലാലിനൊപ്പം ചേർന്ന് നിന്ന് അവരും സിദ്ദിഖിന്റെ മൃതദേഹത്തിന് മുന്നിൽ വിങ്ങിപ്പൊട്ടി. ഇന്ന് വൈകുന്നേരം ആറ് മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബറിടത്തിൽ സിദ്ദിഖിന്റെ മൃതദേഹം സംസ്‌കരിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close