മലയാള സിനിമയിലെ സൂപ്പർതാരങ്ങളെ മുഴുവൻ അണിനിരത്തി 2007 ൽ ജോഷി ഒരുക്കിയ മാസ്സ് എന്റെർറ്റൈനെർ ആണ് ട്വന്റി ട്വന്റി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം അന്ന് മലയാളത്തിലെ ഇൻഡസ്ടറി ഹിറ്റ് ആയി മാറിയിരുന്നു. താരസംഘടനയായ അമ്മക്ക് വേണ്ടി നടൻ ദിലീപ് ആയിരുന്നു ചിത്രം നിർമ്മിച്ചത്.
ഇന്ത്യയിലെ മറ്റു സിനിമ ഇന്ഡസ്ട്രികൾക്ക് ഇന്നും അത്ഭുതമായി നിൽക്കുന്ന കൂട്ടായ്മ ആണ് ട്വന്റി ട്വന്റിയിലൂടെ മലയാള സിനിമ കാണിച്ചു കൊടുത്തത്. സിബി കെ തോമസ്- ഉദയ കൃഷ്ണ ടീം ആണ് ഈ ചിത്രം രചിച്ചത്. ഇപ്പോഴിതാ ഈ ചിത്രം 4k അറ്റ്മോസിൽ റീ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ എന്നാണ് വാർത്ത.
2025 മാർച്ചിൽ ആയിരിക്കും ചിത്രം റീ റിലീസ് ചെയ്യുക എന്ന അപ്‌ഡേറ്റ് ആണ് പുറത്ത് വന്നിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സൂപ്പർ താരങ്ങളെ വീണ്ടും ഒരുമിച്ചു ബിഗ് സ്‌ക്രീനിൽ കാണാനുള്ള അവസരമാണ് സിനിമാ പ്രേമികൾക്ക് ഒരുങ്ങിയിരിക്കുന്നത്. റീ റിലീസ് ട്രെൻഡിന്റെ ഭാഗമായി ഇതിനോടകം സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, അൻവർ, പലേരി മാണിക്യം, വല്യേട്ടൻ തുടങ്ങിയ ചിത്രങ്ങൾ റീ റിലീസ് ചെയ്തുകഴിഞ്ഞു.
ഇനി ആവനാഴി, ഒരു വടക്കൻ വീരഗാഥ, അമരം, തേന്മാവിൻ കൊമ്പത്ത്, ആറാം തമ്പുരാൻ, ഗുരു, വെട്ടം എന്നീ ചിത്രങ്ങളും റീ റിലീസിനായി തയ്യാറെടുക്കുകയാണെന്നാണ് സൂചന.