ഹോളിവുഡ് പോലെ ഒരു സിനിമ ചെയ്യാന്‍ പ്രാപ്തമാകുന്ന ഒരു ഇന്‍ഡസ്ട്രീയായി മാറികൊണ്ടിരിക്കുകയാണ് നമ്മൾ; ദിലീഷ് പോത്തൻ..!

Advertisement

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ദിലീഷ് പോത്തൻ. അതിനൊപ്പം തന്നെ പ്രേക്ഷകർക്ക് പ്രീയപ്പെട്ട ഒരു നടൻ കൂടിയാണ് അദ്ദേഹം. ഇപ്പോൾ ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ മാലിക് എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തു കൊണ്ട് എത്തുകയാണ് ദിലീഷ് പോത്തൻ. ജൂലൈ പതിനഞ്ചിനു ആമസോൺ പ്രൈം റിലീസ് ആയാണ് മാലിക് എത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമുകൾ വലിയ വില നൽകി മലയാള ചിത്രങ്ങൾ എടുക്കുന്നത് മലയാള സിനിമയ്ക്കു ഒരു അന്താരാഷ്ട്ര പ്രേക്ഷക സമൂഹം ഉള്ളത് കൊണ്ടാണെന്നു താൻ വിശ്വസിക്കുന്നു എന്നും ദിലീഷ് പറയുന്നു. വലിയ മുതൽ മുടക്കിൽ, വമ്പൻ ക്യാൻവാസിൽ, ഹോളിവുഡ് ചിത്രങ്ങളെ പോലെ വമ്പൻ ചിത്രങ്ങൾ ഒരുക്കാൻ ശേഷിയുള്ള ഒരു ഇൻഡസ്ട്രി ആയി മലയാള സിനിമ വളർന്നു വരുന്നതിന്റെ സൂചനകളാണ് ഇപ്പോൾ കണ്ടു വരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അത്തരം വമ്പൻ ചിത്രങ്ങൾ ഇവിടെ സംഭവിക്കുന്നതിൽ താൻ ഏറെ സന്തോഷവാനാണ് എന്നും അദ്ദേഹം പറയുന്നു.

മുപ്പതു കോടിയോളം രൂപ നൽകിയാണ് ആമസോൺ പ്രൈം ദൃശ്യം 2 എന്ന മോഹൻലാൽ ചിത്രം വാങ്ങിയത് എങ്കിൽ, നേരിട്ട് ഒടിടി റിലീസ് അല്ല ലക്ഷ്യമിടുന്നത് എങ്കിൽ പോലും നാൽപതു കോടിക്ക് മുകളിൽ മരക്കാർ പോലെയുള്ള ഒരു ചിത്രത്തിന് നല്കാൻ അവർ ഒരുങ്ങി നിൽക്കുന്നു. അതുപോലെ തന്നെ മാലിക് എന്ന ചിത്രം പതിനാലു കോടി രൂപ കൊടുത്താണ് അവർ വാങ്ങിയത്. ഇത്രയും പണം മലയാള സിനിമക്കു ലഭിക്കുന്നത് നമ്മുടെ ചിത്രങ്ങളുടെ അന്താരാഷ്ട്ര മാർക്കറ്റ് മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ് എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. നൂറു കോടിയോളം മുതൽ മുടക്കിൽ ഒരുക്കിയ മരക്കാർ പോലെയുള്ള ചിത്രങ്ങൾ ആണ് മലയാളത്തിൽ ഇന്ന് നിർമ്മിക്കപ്പെടുന്നത്. ഇത് കൂടാതെ ബറോസ്, എംപുരാൻ, കാളിയൻ പോലത്തെ മെഗാ ബഡ്ജറ്റ് ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ദിലീഷ് പോത്തന്റെ ജോജി ആമസോൺ പ്രൈം റിലീസ് ആയാണ് എത്തിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close