
തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ഏറ്റവും പുതിയ ചിത്രമായ വേട്ടൈയാൻ ഒക്ടോബർ പത്തിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ടി ജെ ജ്ഞാനവേൽ ഒരുക്കിയ ഈ ചിത്രത്തിൽ രജനികാന്ത്, അമിതാബ് ബച്ചൻ എന്നിവർക്കൊപ്പം മലയാളായി താരങ്ങളായ മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, സാബുമോൻ അബ്ദുസമദ് എന്നിവരും വേഷമിടുന്നുണ്ട്. ഇത് കൂടാതെ രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്ന ലോകേഷ് കനകരാജ് ചിതമായ കൂലിയിലും മലയാളി താരമായ സൗബിൻ ഷാഹിർ പ്രധാന വേഷം ചെയ്യുന്നുണ്ട്.
ഇപ്പോൾ വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇനി ഒരു മലയാള സംവിധായകനൊപ്പവും കൈകോർക്കാനുള്ള ഒരുക്കത്തിലാണ് തലൈവർ. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്, 2018 എന്ന ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രം സംവിധാനം ചെയ്ത ജൂഡ് ആന്റണി ജോസഫ് ഒരു രജനികാന്ത് ചിത്രം പ്ലാൻ ചെയ്യുന്നു എന്നും, അതിന് അദ്ദേഹം കൈക്കൊടുത്തേക്കുമെന്നുമാണ്. നെൽസൺ ദിലീപ്കുമാർ ഒരുക്കാൻ പോകുന്ന ജയിലർ 2 ആയിരിക്കും ഇനി പ്രഖ്യാപിക്കാൻ പോകുന്ന രജനികാന്ത് ചിത്രം. അതിന് ശേഷമായിരിക്കും ജൂഡ് ആന്റണി ചിത്രത്തിന് അദ്ദേഹം ഡേറ്റ് കൊടുക്കുക എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇന്ത്യാഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം വേൽസ് ഫിലിംസ് ഇൻ്റർനാഷണലാണ് ഈ രജനികാന്ത്- ജൂഡ് ആന്റണി ചിത്രം നിർമ്മിക്കുക. നേരത്തെ ചിമ്പുവിനെ നായകനാക്കി ജൂഡ് പ്ലാൻ ചെയ്ത ചിത്രമാണ് ഇതെന്നും, പ്രൊജക്റ്റ് വലുതായപ്പോൾ നായകനായി രജനികാന്ത് എത്തുന്നതാണെന്നും വാർത്തകളുണ്ട്. 2018 ന്റെ വിജയത്തിന് ശേഷം ഒന്നിലേറെ വമ്പൻ പ്രോജക്ടുകളുടെ ചർച്ചയിലാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്.