മലയാള സിനിമ വീണ്ടും സുവർണ്ണ കാലത്തിലേക്ക്..!

Advertisement

കോവിഡ് പ്രതിസന്ധിക്കു ശേഷം മലയാള സിനിമ വീണ്ടും സുവർണ്ണ കാലഘട്ടത്തിലേക്ക് കടക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. പുതിയ വർഷം മലയാള സിനിമയ്ക്കു സമ്മാനിക്കുന്നത് പുതിയ പ്രതീക്ഷകൾ ആണ്. ബോക്സ് ഓഫീസിൽ വലിയ വിജയങ്ങൾ സംഭവിച്ചതോടെ സാമ്പത്തികമായ പ്രതിസന്ധിയിൽ നിന്ന് സിനിമ പതുക്കെ കരകയറുകയാണ്. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയമാണ് ആദ്യം തീയേറ്ററുകാരെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റി നേരെ നിർത്തിയത് എന്ന് പറയാം. ആഗോള ഗ്രോസ് ആയി അന്പത്തിയഞ്ചു കോടിയാണ് ഈ ചിത്രം നേടിയെടുത്തത്. വെറും അമ്പതു ശതമാനം ആളുകളെ മാത്രം കയറ്റിയാണ് ഈ ചിത്രം കേരളത്തിൽ പ്രദർശിപ്പിച്ചത്. മാത്രമല്ല, തിരുവനന്തപുരം ഉൾപ്പെടെയുള്ള അഞ്ചു ജില്ലകൾ അടച്ചിട്ടതും ഹൃദയത്തിനു തിരിച്ചടി ആയി. പക്ഷെ ഇതിനെ എല്ലാം അതിജീവിച്ചു നേടിയ മഹാവിജയമാണ് ഹൃദയത്തിന്റെ നേട്ടത്തിന് കൂടുതൽ വില കൊടുക്കുന്നത്.

Advertisement

അതിനു ശേഷം ഇപ്പോൾ മാർച്ചിൽ റിലീസ് ചെയ്ത മമ്മൂട്ടി- അമൽ നീരദ് ചിത്രമായ ഭീഷ്മ പർവവും അമ്പതു കോടി ക്ലബിൽ ഇടം നേടിക്കഴിഞ്ഞു. നൂറു ശതമാനം പ്രേക്ഷകരെ പ്രവേശിപ്പിക്കാൻ സർക്കാർ അനുവദിച്ചത് തീയേറ്റർ ബിസിനസ്സിനൊപ്പം തന്നെ ഭീഷ്മ പർവ്വതിനും നേട്ടമായി. മമ്മൂട്ടിക്ക് ആദ്യത്തെ അമ്പതു കോടി ഗ്രോസ് സമ്മാനിച്ച ഈ ചിത്രം അമൽ നീരദിന്റെ കരിയറിലേയും ഏറ്റവും വലിയ ഹിറ്റാണ്. ഹൃദയം എന്ന ചിത്രം പ്രണവിന്റെയും അമ്പതു കോടി ക്ലബിലെ ആദ്യ ചിത്രമായിരുന്നു. ഭീഷ്മ പർവ്വം ഗൾഫിലും മികച്ച ഓപ്പണിങ് നേടിയെടുക്കുകയും ആദ്യമായി ഗൾഫിൽ നിന്ന് ഇരുപതു കോടിയുടെ കളക്ഷൻ മാർക്ക് പിന്നിടുന്ന മമ്മൂട്ടി ചിത്രമാവുകയും ചെയ്തിരുന്നു. ഏതായാലും മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങി ഒട്ടേറെ സൂപ്പർ താരങ്ങളുടെ വലിയ ചിത്രങ്ങളടക്കം ഇനിയും വരാനിരിക്കെ, ഒരു സുവർണ്ണ കാലം വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close