മലയാള സിനിമയുടെ നഷ്ടം 600 കോടി; കണക്കുകൾ പുറത്തു വിട്ടു

Advertisement

കോവിഡ് 19 ഭീതി മൂലം രാജ്യം ലോക്ക് ഡൗണിലായതിനെ തുടർന്ന് ഈ കഴിഞ്ഞ മാർച്ച് മാസം ആദ്യ വാരം കഴിഞ്ഞപ്പോൾ മുതൽ കേരളത്തിലെ സിനിമാ മേഖല പൂർണ്ണമായും നിശ്ചലമാണ്. ഇന്ത്യൻ സിനിമാ ലോകവും അതുപോലെ ഇന്ത്യൻ സിനിമകളുടെ പ്രധാന വിദേശ മാർക്കറ്റുകളുമെല്ലാം രണ്ടു മാസത്തോളമായി നിശ്ചലമാണ്. എന്നാൽ താരതമ്യേന ചെറിയ ഫിലിം ഇന്ഡസ്ട്രിയായ മലയാളത്തിന് വലിയ നഷ്ടമാണ് ഈ അടച്ചിടൽ കൊണ്ടുണ്ടായിരിക്കുന്നതു. ഏകദേശം 600 കോടി രൂപയുടെ നഷ്ടമാണ് ഇതിനോടകം മലയാള സിനിമയ്ക്കു സംഭവിച്ചിരിക്കുന്നതെന്നു മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ തലപ്പത്തുള്ള സംവിധായകനും നിർമ്മാതാവുമായ ബി ഉണ്ണികൃഷ്ണൻ പറയുന്നു. ലോക്ക് ഡൗണ്‍ പിന്‍വലിച്ച് കഴിഞ്ഞാലും ഏറ്റവും അവസാനത്തെ പരിഗണനയായിരിക്കും സിനിമ തിയറ്ററുകള്‍ തുറക്കുന്നതില്‍ ഉണ്ടാകുക എന്നും ഒരു പൊതുമേഖലാ സ്ഥാപനവും ഒരു ബാങ്കിങ്ങും സിനിമകളെ പിന്തുണക്കാന്‍ ഇല്ല എന്നതാണ് സത്യമെന്നും അദ്ദേഹം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

നിര്‍മ്മാതാക്കളായ ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും പുതിയ സിനിമകള്‍ക്കായി മുടക്കിയ പണത്തിന് കൊടുക്കുന്ന പലിശ മാത്രം ആലോചിച്ചു നോക്കു എന്നും അതെത്ര മാത്രം വലിയ തുകയായിരുക്കുമെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. തിയറ്റര്‍ സുരക്ഷിതമാണെന്ന ബോധ്യം ഉണ്ടാകാതെ ഇനിയാരും സിനിമയ്ക്ക് കയറാന്‍ വരില്ല എന്ന് പറഞ്ഞ അദ്ദേഹം സിനിമ നിര്‍മ്മാണം എന്നത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും കടമെടുത്ത് ചെയ്യുന്നതാണ് എന്നും വിശദീകരിക്കുന്നു. ആന്റോ ജോസഫിന്റെ മാലിക്ക് എന്ന പടം നിർമ്മിച്ചിരിക്കുന്നത്  22 കോടി രൂപക്കു ആണ്. അതുപോലെ ആന്റണി പെരുമ്പാവൂരിന്റെ മരക്കാർ എന്ന മോഹൻലാൽ ചിത്രം 100 കോടി രൂപ ചെലവിട്ടാണ് ഒരുക്കിയത്.  ഈ സിനിമകള്‍ ഇങ്ങനെ കിടക്കുമ്പോള്‍ ഇവർ കൊടുക്കണ്ടി വരുന്ന പലിശ വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ തന്നെ അറുനൂറു കോടിയുടെ നഷ്ടം സംഭവിച്ച മലയാള സിനിമയ്ക്കു  ഓരോ ദിവസം കടന്നു പോകുന്തോറും ഉണ്ടാകുന്ന നഷ്ടം ഉൾക്കൊള്ളാനുള്ള വലുപ്പമോ ശക്തിയോ ഇല്ല എന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

Advertisement

മേൽ പറഞ്ഞ ചിത്രങ്ങൾ കൂടാതെ, മാർച്ച്- ഏപ്രിൽ മാസങ്ങളിൽ റിലീസ് നിശ്ചയിച്ചിരുന്ന പത്തോളം ചിത്രങ്ങളുടെ റിലീസാണ് ഇപ്പോൾ അനിശ്ചിതമായി നീണ്ടിരിക്കുന്നത്. അതിൽ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം വണ്ണും ഉൾപ്പെടുന്നു. മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ഈ പൊളിറ്റിക്കൽ ഡ്രാമ നിർമ്മിച്ചത് ഇചായീസ് പ്രൊഡക്ഷൻസ് ആണ്. ഇത് കൂടാതെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, വാങ്കു, ഹലാൽ ലൗ സ്റ്റോറി, കുഞ്ഞേൽദോ, മോഹൻ കുമാർ ഫാൻസ്, കിംഗ്‌ ഫിഷ്, അനുഗ്രഹീതൻ ആന്റണി എന്നീ ചിത്രങ്ങളും റിലീസ് മാറ്റി. മോഹൻലാലിന്റെ റാം, മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്, നിവിൻ പോളിയുടെ പടവെട്ട്, സുരേഷ് ഗോപിയുടെ കാവൽ, പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം തുടങ്ങിയ വലിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തടസ്സപ്പെട്ടപ്പോൾ കുറുപ്പ്, തുറമുഖം, കേശു ഈ വീടിന്റെ നാഥൻ എന്നീ വലിയ ചിത്രങ്ങളുടെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികളും നിന്നു പോയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close