യുവ താരം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടിയാണ് മുന്നേറുന്നത്. അമ്പതു കോടി ക്ലബിന്റെ തൊട്ടടുത്ത് എത്തി നിൽക്കുന്ന ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ചിത്രമാണ്. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തും വരെ ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി സൂപ്പർ വിജയമാണ് നേടുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും കേരളത്തിലെ തീയേറ്റർ വ്യവസായത്തെ കുറിച്ചും മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. കോവിഡ് മഹാമാരിയിൽ നിന്ന് പതുക്കെ പതുക്കെ നമ്മുടെ നാട് കരകയറി വരികയാണ് എന്നും അതിനോടൊപ്പം നമ്മുടെ തീയേറ്റർ വ്യവസായവും സാധാരണ നിലയിലേക്ക് പതുക്കെ വന്നു കൊണ്ടിരിക്കുകയാണ് എന്നും മോഹൻലാൽ പറയുന്നു. സമ്മർദങ്ങൾക്ക് വിട നൽകി സിനിമകൾ കാണാനും പുറത്തിറങ്ങാനും സാധിക്കുക എന്നത് വലിയ ആശ്വാസം ആണെന്നും അദ്ദേഹം പറയുന്നു.
അത്കൊണ്ട് തന്നെ തീയേറ്ററിൽ പോയി സിനിമകൾ കണ്ടു ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരേയും സിനിമ എന്ന വ്യവസായത്തേയും പിന്തുണക്കണമെന്നും മോഹൻലാൽ അഭ്യർത്ഥിക്കുന്നു. ഹൃദയമടക്കമുള്ള ചിത്രങ്ങൾ പ്രേക്ഷകർക്ക് സന്തോഷം പകരാൻ തീയേറ്ററുകളിൽ നിറഞ്ഞു കളിക്കുന്നുണ്ട് എന്നും തന്റെയും പ്രിയദർശന്റെയും ശ്രീനിവാസന്റെയും മക്കളും ഒരു കൂട്ടം യുവ കലാകാരന്മാരും മികച്ച സാങ്കേതിക പ്രവർത്തകരും ഹൃദയപൂർവം ഒത്തുചേരുന്ന സിനിമ എന്ന നിലക്ക് ഈ ചിത്രത്തിന് തങ്ങളുടെ മനസ്സിൽ ഒരു പ്രത്യേക ഇടം തന്നെയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഈ സിനിമ പ്രേക്ഷകരെ ആനന്ദിപ്പിക്കും എന്നുറപ്പുണ്ട് എന്നും അതുകൊണ്ട് തീയേറ്ററിൽ പോയി സിനിമകൾ കാണുകയും നല്ല ചിത്രങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുക എന്നും മോഹൻലാൽ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു.
The magic of movies should be experienced in theatres❤️ #Hridayam pic.twitter.com/VbYVSGkC2Z
— Mohanlal (@Mohanlal) February 9, 2022