മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർ താരങ്ങളും മഹാനടന്മാരുമാണ് മോഹൻലാലും മമ്മൂട്ടിയും. ഈ വർഷമാണ് മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിന്റെ അമ്പതു വർഷങ്ങൾ പൂർത്തിയാക്കിയത്. അതോടൊപ്പം അടുത്ത ദിവസം മമ്മൂട്ടി എഴുപതാം വയസ്സിന്റെ നിറവിലും എത്തുകയാണ്. സപ്തതി ആഘോഷിക്കുന്ന മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ മലയാള മനോരമയിൽ എഴുതിയ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. തനിക്കു മമ്മൂട്ടി ഒരു സഹപ്രവർത്തകൻ മാത്രമല്ല, മൂത്ത സഹോദരൻ കൂടിയാണ് എന്നാണ് മോഹൻലാൽ പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബവുമായും ആ അടുപ്പം ഉണ്ടെന്നും തങ്ങളുടെ മക്കളും പരസ്പരം വളരെയധികം സ്നേഹിക്കുന്ന സഹോദരീസഹോദരന്മാരെ പോലെയാണെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും മോഹൻലാൽ പറയുന്നു. താൻ ജീവിതം കണ്ടത് ഈ ഇച്ചാക്കയിലൂടെയാണ് എന്നും ഒരുപാട് അച്ചടക്കവും ചിട്ടയുമുള്ള ഒരു ജ്യേഷ്ഠനും അതൊന്നുമില്ലാത്ത അനിയനുമാണ് തങ്ങളെന്ന് പറയാമെന്നും മോഹൻലാൽ കുറിക്കുന്നു.
ഉയർച്ചകളും താഴ്ചകളും തന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ ഒരേ മനസ്സോടെ പെരുമാറിയ ആളാണ് മമ്മൂട്ടി എന്ന് മോഹൻലാൽ പറയുന്നു. കഠിനാധ്വാനത്തിലൂടെ നടനാകാൻ വേണ്ടി മാത്രം ജീവിച്ചയാളാണ് മമ്മൂട്ടി എങ്കിൽ സൗഹൃദങ്ങളിലൂടെ നടനായി പോയ ഒരാളാണ് താനെന്നു മോഹൻലാൽ വ്യക്തമാക്കുന്നു. ഇതുപോലെ സ്വന്തം ജീവിതം രൂപപ്പെടുത്തിയെടുത്തൊരു നടനെയും താൻ കണ്ടിട്ടില്ല എന്ന് പറയുന്ന മോഹൻലാൽ, 50 വർഷം മുൻപുള്ള അതേ മനസ്സോടെയാണു ഇച്ചാക്ക ഇന്നും ജീവിക്കുന്നത് എന്നും കൂട്ടിച്ചേർത്തു. അകലെനിന്ന് ഏട്ടനെന്ന മനസ്സോടെ തന്നെ നോക്കി നിന്ന ഒരാളാണ് മമ്മൂട്ടി എന്ന് പറഞ്ഞ മോഹൻലാൽ, ഇച്ചാക്കയുടെ നിയോഗം എന്നും എപ്പോഴും നടനായി ജീവിക്കുക എന്നത് മാത്രമാണെന്നും പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.