മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ തന്റെ ആരാധകരെ എന്നും ഏറെ സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന താരമാണ്. ആരാധകരെ തനിക്കൊപ്പം ചേർത്ത് നിർത്തി ഫോട്ടോ എടുക്കാനും അവരോടു നേരിട്ടും ഫോണിലൂടെയും സംവദിക്കാനും അദ്ദേഹം ഏറെ സമയം മാറ്റി വെക്കാറുമുണ്ട്. ഇപ്പോഴിതാ സഫീർ അഹമ്മദ് എന്ന തന്റെ ഒരു ആരാധകനു മോഹൻലാൽ അയച്ച ശബ്ദ സന്ദേശം ഏറെ ശ്രദ്ധ നേടുകയാണ്. മോഹൻലാൽ എന്ന താരം രണ്ടു ഇൻഡസ്ട്രി ഹിറ്റുകൾ തുടർച്ചയായി മലയാള സിനിമയ്ക്കു നൽകിയ വർഷമാണ് 1997. ആ വർഷം ഓണത്തിന് റിലീസ് ചെയ്ത ചന്ദ്രലേഖയും ക്രിസ്മസ് റിലീസ് ആയെത്തിയ ആറാം തമ്പുരാനുമാണ് അവ. ഒരെണ്ണത്തിൽ പക്കാ കോമഡി കൊണ്ട് മോഹൻലാൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചപ്പോൾ മറ്റൊന്ന് മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ചിത്രങ്ങളിൽ ഒന്നായി മാറി. ചന്ദ്രലേഖ റിലീസ് ചെയ്തു 23 വര്ഷം തികയുന്ന വേളയിൽ സഫീർ അഹമ്മദ് എന്ന ആരാധകൻ, താൻ ആ ചിത്രം ആദ്യ ദിനം പോയിക്കണ്ടപ്പോൾ ഉണ്ടായ അനുഭവമാണ് പങ്കു വെച്ചത്. അതിൽ തന്നെ തൊട്ടു മുൻപത്തെ വര്ഷം ദി പ്രിൻസ് എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ മോഹൻലാലിന്റെ ശബ്ദത്തെക്കുറിച്ചുണ്ടായ വിമർശനത്തെ കുറിച്ചും സഫീർ സൂചിപ്പിക്കുന്നു.
ആ സംഭവം സഫീർ കുറിക്കുന്നത് ഇങ്ങനെ, ഇനിയൊരു ഫ്ളാഷ്ബാക്ക്. 1996 ഓണക്കാലം, വമ്പൻ പ്രതീക്ഷകളോടെ ബാഷ എന്ന രജനികാന്ത് സിനിമയുടെ സംവിധായകൻ സുരേഷ് കൃഷ്ണ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ദി പ്രിൻസ് എന്ന സിനിമ റിലീസ് ആയി. കേരളത്തിലെ തിയേറ്ററുകളെ ജനസമുദ്രമാക്കി ദി പ്രിൻസിൻ്റെ ആദ്യ ഷോ ആരംഭിച്ചു. സിനിമ തുടങ്ങി മോഹൻലാലിൻ്റെ ഇൻട്രൊ രംഗം കഴിഞ്ഞപ്പോൾ തന്നെ തിയേറ്ററിൻ്റെ ഇരുട്ടിൽ പ്രേക്ഷകർ പരസ്പരം നോക്കി പിറുപിറുത്തു എന്താ മോഹൻലാലിൻ്റെ ശബ്ദം ഇങ്ങനെ, ശബ്ദത്തിന് എന്ത് പറ്റി. സിനിമ പുരോഗമിക്കും തോറും മോഹൻലാലിൻ്റെ ഇത് വരെ പരിചിതമല്ലാത്ത ആ അസഹനീയമായ ശബ്ദം കേട്ട് പ്രേക്ഷകർ അക്ഷമരായി തുടങ്ങി, അസ്വസ്ഥരായി തുടങ്ങി, അത് തിയേറ്ററുകളിൽ വൻ കൂവലുകളായി മാറി. മോഹൻലാലിൻ്റെ ഈ ശബ്ദമാറ്റം കാരണം ദി പ്രിൻസിലെ മാസ് രംഗങ്ങളിലും പ്രണയരംഗങ്ങളിലും സെൻ്റിമെൻ്റൽ രംഗങ്ങളിലും ഒക്കെ പ്രേക്ഷകർ നിർത്താതെ കൂവി. മോഹൻലാലിൻ്റെ സിനിമ ജീവിതത്തിൽ ഇത്രമാത്രം കൂവലുകൾ ഏറ്റ് വാങ്ങിയ വേറെ ഒരു സിനിമ ഉണ്ടാകില്ല. സിനിമ കഴിഞ്ഞ് പ്രേക്ഷകർ രോഷത്തോടെ അതിലേറെ നിരാശയോടെ തിയേറ്ററിൻ്റെ പുറത്തേക്കിറങ്ങി പൊരിവെയിലത്ത് അടുത്ത ഷോയുടെ ടിക്കറ്റിന് വേണ്ടി കോമ്പൗണ്ടിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന ആൾക്കൂട്ടത്തോട് ഉറക്കെ വിളിച്ച് പറഞ്ഞു തല്ലിപൊളി പടം ആണ്, മോഹൻലാലിൻ്റെ ശബ്ദം പോയി, വെറുതെ കാശ് കളയേണ്ട. സിനിമ കഴിഞ്ഞ് ഇറങ്ങിയവരുടെ ഇത്തരത്തിലുള്ള അഭിപ്രായം കേട്ട് മണിക്കൂറുകളായി ടിക്കറ്റനായി ക്യൂവിൽ നിന്നവരൊക്കെ നിരാശരായി. ആ നിരാശരായവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു, തൃശ്ശൂർ സപ്ന തിയേറ്ററിൽ മാറ്റിനി ഷോയ്ക്കുള്ള ക്യൂവിൽ. അങ്ങനെ മണിക്കൂറുകൾ ക്യൂവിൽ നിന്ന് ടിക്കറ്റ് എടുത്ത് തിയേറ്ററിൻ്റെ അകത്ത് കയറി, കേട്ടതൊന്നും ശരിയാകല്ലെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്. പക്ഷെ കേട്ടതറഞ്ഞതിനെക്കാൾ അസഹനീയം ആയിരുന്നു സിനിമയും ഒപ്പം മോഹൻലാലിൻ്റെ ശബ്ദത്തിലെ മാറ്റവും, അത് കൊണ്ട് സിനിമ മുഴുവൻ കാണാനുള്ള ശേഷി ഉണ്ടായിരുന്നില്ല, ഇറങ്ങി പോന്നു തീരുന്നതിന് മുമ്പ് തന്നെ. ദി പ്രിൻസ് സിനിമ വളരെ മോശമാണെന്നും മോഹൻലാലിൻ്റെ ശബ്ദം മാറി എന്നുമുള്ള വാർത്ത എങ്ങും പരന്നു. മോഹൻലാലിൻ്റെ കാലം കഴിഞ്ഞു, ഇനി സിനിമയിൽ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞ് വിമർശകർ തലപൊക്കി, ഒപ്പം മോഹൻലാലിന് തൊണ്ടയിൽ കാൻസർ ആണെന്നുള്ള വാർത്തയും കാട്ടുതീ പോലെ പടർന്നു. മോഹൻലാലിനെ ഇഷ്ടപ്പെടുന്നവരൊക്കെ ഈ വാർത്തകൾ കേട്ട് സങ്കടത്തിലായി. പ്രിൻസിന് ശേഷം 1997ൽ ഇറങ്ങിയ മണിരത്നത്തിൻ്റെ ഇരുവറിനും, ഐ.വി.ശശിയുടെ വർണ്ണപ്പകിട്ടിനും പ്രേക്ഷകരെ പൂർണമായ തോതിൽ സംതൃപ്തരാക്കാൻ സാധിച്ചില്ല. ഒരു വർഷത്തോളം പെട്ടിയിലിരുന്ന ശേഷം റിലീസായ പ്രതാപ് പോത്തൻ്റെ ഒരു യാത്രാമൊഴി ഈ ശബ്ദമാറ്റത്തെ പിന്നേയും ശരി വെച്ചു.
സഫീർ അഹമ്മദിന്റെ ലേഖനം വായിച്ച മോഹൻലാൽ തനിക്കു ആ ലേഖനം ഏറെ ഇഷ്ടമായി എന്ന് പറഞ്ഞു സഫീറിനു വാട്സാപ്പിലൂടെ ശബ്ദ സന്ദേശം അയക്കുകയായിരുന്നു. അതിൽ മോഹൻലാൽ അന്നത്തെ ആ സംഭവവും ഓർത്തെടുത്തു. അന്ന് പ്രിൻസ് എന്ന ആ ചിത്രത്തിന് സംഭവിച്ചത് സാങ്കേതിക പിഴവ് ആയിരുന്നു എന്നാണ് മോഹൻലാൽ പറയുന്നത്. ചിത്രത്തിന്റെ ശബ്ദ മിശ്രണത്തിൽ സംഭവിച്ച പിഴവായിരുന്നു അതെന്നാണ് തനിക്കു മനസ്സിലാക്കാൻ സാധിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ മറ്റുള്ള പ്രധാന നടന്മാർക്ക് എല്ലാം വേറെ ആളുകൾ ആണ് ശബ്ദം നൽകിയത് എന്നും അതുപോലെ അതിന്റെ ശബ്ദ മിശ്രണം ചെയ്തത് തമിഴ്‌നാട്ടിലെ സാങ്കേതിക പ്രവർത്തകർ ആയിരുന്നത് കൊണ്ട് ശബ്ദം ബാലൻസ് ചെയ്തപ്പോൾ അവർക്കു സംഭവിച്ച പിഴവായിരിക്കാം കാരണമെന്നും മോഹൻലാൽ സഫീറിനോട് പറയുന്നു. ഏതായാലും സഫീറിന്റെ ചന്ദ്രലേഖ ഓര്മക്കുറിപ്പും അതിനു മോഹൻലാൽ നൽകിയ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.
https://www.instagram.com/tv/CEySQauhBSA/