ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് മരിച്ച അജ്ന ജോസിന്റെ കുടുംബത്തിന് കാരുണ്യ സ്പർശവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. മോഹൻലാൽ തന്റെ അച്ഛൻ വിശ്വനാഥൻ നായരുടേയും അമ്മ ശാന്ത കുമാരിയുടേയും പേരിൽ ഏതാനും വർഷങ്ങൾക്കു മുൻപ് ആരംഭിച്ച കാരുണ്യ സംഘടനയാണ് വിശ്വ ശാന്തി ഫൗണ്ടേഷൻ. ഇതിനോടകം വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സാമൂഹിക രംഗത്തുമൊക്കെ ഒട്ടേറെ കാരുണ്യ പ്രവർത്തികൾ, സഹായങ്ങൾ എന്നിവ ഈ സംഘടന വഴി മോഹൻലാൽ ചെയ്തു കഴിഞ്ഞു. സമൂഹത്തിൽ സാമ്പത്തികമായും മറ്റും പിന്നോക്കം നിൽക്കുന്നവരെ മുന്നോട്ടു കൊണ്ട് വരുന്ന സഹായങ്ങളും ആദിവാസി സമൂഹത്തിലെ കുട്ടികളുടെ പഠന സഹായങ്ങളുമുൾപ്പെടെ ഒട്ടേറെ ചാരിറ്റി ചെയ്യുന്ന ഈ സംഘടന, ഇപ്പോഴിതാ ശാന്തിഭവനം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ, മേൽപ്പറഞ്ഞ അജ്‌നയുടെ കുടുംബത്തിന് കൈമാറി.
സമൂഹത്തിൽ നിർധനരായ ഭവനരഹിതർക്ക് ഗുണമേന്മയുള്ള വീട് നിർമ്മിച്ച് നൽകാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ഏറ്റവും പുതിയ സംരംഭമാണ് ശാന്തി ഭവനം. ഈ പദ്ധതിയിലൂടെ നിർമ്മിച്ച ആദ്യ ഭവനത്തിന്റെ താക്കോൽ കൈമാറി എന്ന വിവരം മോഹൻലാൽ തന്നെയാണ് പങ്കു വെച്ചത്. മനോഹരമായ പുതിയ വീടിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. ഇത് സാധ്യമാക്കാൻ തങ്ങളുടെ ഒപ്പം പ്രവർത്തിച്ച ലാൽകെയേഴ്സ് കുവൈറ്റിനും മോഹൻലാൽ നന്ദി പറയുന്നു. ഈ പദ്ധതിയിലൂടെ, ഭവനരഹിതർക്ക് വീട് നിർമ്മിച്ച് കൂടുതൽ ആളുകളെ സഹായിക്കാൻ തങ്ങൾ ശ്രമിക്കുകയാണ് എന്നും മോഹൻലാൽ കുറിച്ചു. 2015 ലാണ് വിശ്വശാന്തി ഫൗണ്ടേഷൻ ആരംഭിച്ചത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക വികസനം എന്നീ മേഖലകളിൽ ആണ് ഈ ഫൗണ്ടേഷൻ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. അജ്‌നയെ തങ്ങളുടെ പ്രാർത്ഥനകളിൽ എപ്പോഴും ഓർക്കുമെന്നും മോഹൻലാൽ കുറിപ്പിൽ പറയുന്നു.