
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി കേരളാ സർക്കാർ മുന്നോട്ടു നീങ്ങുമ്പോൾ കൂടെ ചേർന്നു നിന്നു കൊണ്ട് തന്നാലാവുന്ന എല്ലാ സഹായങ്ങളും എത്തിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. സർക്കാരിനും സിനിമാ സംഘടനകൾക്കും സാമ്പത്തിക സഹായമെത്തിക്കുന്നതിനൊപ്പം ആരോഗ്യ മേഖലയിലും തന്റേതായ സംഭാവന നൽകുകയാണ് അദ്ദേഹം. ആരോഗ്യ പ്രവർത്തകരുമായി സംവദിച്ചും ഡോക്ടർമാരുടെ കൂട്ടായ്മയുമായി സഹകരിച്ചും കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് പൂർണ്ണ പിന്തുണ നൽകി മുന്നിലുണ്ട് മോഹൻലാൽ. ഇപ്പോഴിതാ മോഹൻലാൽ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ ആരംഭിച്ച വിശ്വ ശാന്തി എന്ന ചാരിറ്റി സംഘടനയിലൂടെ കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണ വാർഡിലേക്ക് എത്തിച്ചിരിക്കുന്നത് ഒരു റോബോട്ടിനെ ആണ്.
എറണാകുളം ജില്ലാ കലക്ടർ ആണ് ഈ വിവരം ഏവരെയും അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണാ വാർഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ. കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലെ രോഗികളെ പരിചരിക്കാൻ ഇനി റോബോട്ടിന്റെ സേവനവും. കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിർമ്മിച്ച കർമിബോട്ട് എന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷൻ കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ വേണ്ടി എത്തിച്ചിരിക്കുന്നത്. രോഗികൾക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികൾ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടർക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ.

രോഗികളുമായുള്ള ആരോഗ്യ പ്രവർത്തകരുടെ സമ്പർക്കം പരമാവധി കുറയ്ക്കുക PPE കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒരിക്കൽ ചിട്ടപ്പെടുത്തി കഴിഞ്ഞാൽ പിന്നെ എല്ലാം സ്വയം ചെയ്യുക എന്നതാണ് റോബോട്ടിന്റെ പ്രവർത്തനരീതി. 25 കിലോയോളം ആണ് കർമ്മി ബോഡിന്റെ ഭാരം വഹിക്കാനുള്ള ശേഷി സെക്കൻഡിൽ ഒരു മീറ്ററോളം വേഗത്തിൽ സഞ്ചരിക്കുവാനും സാധിക്കും. സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണം ആണ് കർമ്മി ബോഡിൻറെ മറ്റു പ്രത്യേകതകൾ. ഓട്ടോമാറ്റിക് ചാർജിംഗ്, സ്പർശന രഹിത ടെംപ്രേച്ചർ ചെക്കിഗ് തുടങ്ങിയ സംവിധാനങ്ങൾ റോബോട്ടിൽ ഉൾപ്പെട്ടുത്തു വാനാണ് അസിമോവ് റോബോട്ടിക്സ് പദ്ധതിയിട്ടുന്നത്. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർമാരായ ശ്രീ മേജർ രവി, ശ്രീ വിനു കൃഷ്ണൻ, അസിമോവ് റോബോട്ടിക്സ് CEO ജയകൃഷ്ണൻ എന്നിവർ ചേർന്ന് റോബോട്ട് കൈമാറി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ശ്രീ . തോമസ് മാത്യു, RMO ഡോക്ടർ ഗണേഷ് മോഹൻ, ഡോക്ടർ മനോജ് ആൻ്റണി എന്നിവർ സന്നിഹിതരായിരുന്നു.
