വരിക്കാശ്ശേരി മനയിലെ പൂമുഖത്ത് ചാരു കസേരയിൽ കസവുമുണ്ട് ഉടുത്തിരിക്കുന്ന മീശ പിരിക്കുന്ന തമ്പുരാൻ വേഷം ഒരിക്കൽ കൂടി ആടണമെന്ന് ആരാധകൻ; മറുപടിയുമായി മോഹൻലാൽ..!

Advertisement

കഴിഞ്ഞ ദിവസം അറുപതാം പിറന്നാൾ ആഘോഷിച്ച മോഹൻലാലിന് ആശംസകൾ നേർന്നു ലോകം മുഴുവനുമുള്ള ആരാധകരും അമിതാബ് ബച്ചൻ, രജനികാന്ത്, കമൽ ഹാസൻ, ചിരഞ്ജീവി, മമ്മൂട്ടി തുടങ്ങിയ ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളും അതുപോലെ ഒട്ടേറെ നടന്മാരും സംവിധായകരും പൊതു പ്രവർത്തകരും എത്തി. എല്ലാവർക്കും സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ നന്ദിയും അറിയിച്ചു. തനിക്ക് നേരിട്ടു സന്ദേശമയച്ച ആരാധകർക്ക് പോലും മോഹൻലാൽ കഴിഞ്ഞ ദിവസം നന്ദി പറഞ്ഞു തിരിച്ചു സന്ദേശമയച്ചത് അവരെ അത്ഭുതപ്പെടുത്തി. ഇപ്പോഴിതാ മോഹൻലാലിന് ജന്മദിന സന്ദേശമയച്ച സന്ദീപ് വാര്യർ എന്നൊരാരാധകൻ അദ്ദേഹത്തോട് ചോദിച്ചത്, വരിക്കാശ്ശേരി മനയിലെ പൂമുഖത്ത് ചാരു കസേരയിൽ കസവുമുണ്ട് ഉടുത്തിരിക്കുന്ന മീശ പിരിക്കുന്ന തമ്പുരാൻ വേഷം ഒരിക്കൽ കൂടി ആടാമോ എന്നാണ്. അതിനു മോഹൻലാൽ മറുപടി തരുമെന്ന് താനൊട്ടും പ്രതീക്ഷിച്ചില്ലെന്നും എന്നാൽ മോഹൻലാൽ മറുപടി നൽകിയത് തന്നെ ഞെട്ടിച്ചുവെന്നും സന്ദീപ് പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ മോഹൻലാൽ നൽകിയ മറുപടിയും സന്ദീപ് പങ്കു വെച്ചു.

സന്ദീപിന്റെ വാക്കുകൾ ഇങ്ങനെ, സത്യത്തിൽ ഇന്നത്തെ ദിവസം ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ ഒന്നാണ്. ലാലേട്ടന് പിറന്നാൾ ആശംസകൾ അയച്ചുകൊടുത്തിരുന്നു. മറുപടി പ്രതീക്ഷിച്ചതേ ഇല്ല. റിലീസ് ദിവസം ഇടിച്ചു കുത്തി സിനിമ കണ്ടിരുന്ന ഈ പാവം ആരാധകനെ പരിഗണിക്കേണ്ട എന്തു കാര്യമാണ് ആ മഹാമനുഷ്യനുള്ളത്. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോഹൻലാൽ എന്ന മഹാനടൻ മറുപടി സന്ദേശമയച്ചു.എന്റെ നാടിനെ കൃത്യമായി ഓർത്തെടുത്തുകൊണ്ട്. വെള്ളിനേഴിയും ഒളപ്പമണ്ണ മനയും മട്ടന്നൂരും കീഴ്പ്പടം കുമാരൻ നായരും എന്തിനേറെ എന്റെ അച്ഛൻറെ സുഹൃത്തായ ഇന്ദ്രൻ വൈദ്യരെ അദ്ദേഹം ഓർത്തെടുത്തു.

Advertisement

എന്നെ ടിവിയിൽ കാണാറുണ്ടന്നും അടുത്തുതന്നെ നേരിൽ കാണാനാവട്ടെ എന്നും പറഞ്ഞപ്പോൾ എന്റെ സന്തോഷം ഇരട്ടിച്ചു. വരിക്കാശ്ശേരി മനയിലെ പൂമുഖത്ത് ചാരു കസേരയിൽ കസവുമുണ്ട് ഉടുത്തിരിക്കുന്ന മീശ പിരിക്കുന്ന തമ്പുരാൻ വേഷം ഒരിക്കൽ കൂടി ആടണമെന്ന് ഞാൻ അഭ്യർത്ഥിച്ചിരുന്നു. അത്തരമൊരു വേഷം ചെയ്യാൻ അടുത്തുതന്നെ ഭാഗ്യം ഉണ്ടാവട്ടെ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. നമസ്കരിക്കുന്നു ആ ലാളിത്യത്തിന് മുന്നിൽ. ലാലേട്ടന് സമം ലാലേട്ടൻ മാത്രം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close