140 കോടി ബഡ്ജറ്റിൽ രണ്ട് ഭാഗങ്ങളിൽ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം; റാം അപ്‌ഡേറ്റ് പുറത്ത് വിട്ട് സംവിധായകൻ

Advertisement

ഇപ്പോൾ മലയാള സിനിമാ പ്രേമികൾ ഇപ്പോൾ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ റാം. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ 80 % ഷൂട്ടിങ്ങും പൂർത്തിയായി. ബ്രിട്ടൻ, ടുണീഷ്യ എന്നിവിടങ്ങളിലെ 40 ദിവസത്തെ ഷൂട്ടിംഗ് കൂടെ പൂർത്തിയായാൽ റാം രണ്ട് ഭാഗങ്ങളും തീരുമെന്നും ജീത്തു ജോസഫ് പറയുന്നു. ഇപ്പോൾ മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ നേരും ചരിത്ര വിജയം നേടിയതോടെ റാമിന്റെ ഹൈപ്പും ഉയർന്നു കഴിഞ്ഞു. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ റാം എന്ന ചിത്രത്തിന്റെ ബഡ്ജറ്റും ജീത്തു ജോസഫ് വെളിപ്പെടുത്തി. രണ്ട് ഭാഗങ്ങൾക്കുമായി ഏകദേശം 140 കോടിയോളം രൂപ ചിലവിലാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. വിദേശ ലൊക്കേഷനുകളിലെ കാലാവസ്ഥ പ്രശ്നവും അതുപോലെ അഭിനേതാക്കളുടെ ഡേറ്റ് ക്ലാഷ് ഉണ്ടാവുന്നത് കൊണ്ടുമാണ് റാം അവസാന ഘട്ട ഷൂട്ടിംഗ് വൈകുന്നതെന്നും ജീത്തു ജോസഫ് അറിയിച്ചു.

അടുത്ത വർഷം പകുതിയോടെ റാം പൂർത്തിയാക്കാനാണ് പ്ലാനെന്നും ജീത്തു ജോസഫ് പറഞ്ഞു. ജീത്തു ജോസഫ് തന്നെ കഥയും തിരക്കഥയും രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസ് ആണ്. ഹോളിവുഡ് സംഘട്ടന സംവിധായകർ സംഘട്ടനം ഒരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പ്, സംഗീതമൊരുക്കുന്നത് വിഷ്ണു ശ്യാം, എഡിറ്റ് ചെയ്യുന്നത് വി എസ് വിനായക് എന്നിവരാണ്. കേരളം, ഡൽഹി, മൊറോക്കോ, യു കെ എന്നിവിടങ്ങളിലാണ് ഈ ചിത്രം ഇതിനോടകം ഷൂട്ട് ചെയ്തിരിക്കുന്നത്. മോഹൻലാൽ കൂടാതെ തൃഷ, ഇന്ദ്രജിത് സുകുമാരൻ, സംയുക്ത മേനോൻ, ആദിൽ ഹുസൈൻ, ദുർഗാ കൃഷ്ണ. പ്രാചി ടെഹ്‌ലാൻ, അനൂപ് മേനോൻ, സായി കുമാർ, സുമൻ, ചന്ദുനാഥ്, സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close