
മലയാള സിനിമയുടെ ഗാന ഗന്ധർവ്വൻ എന്ന പട്ടം യേശുദാസിനാണെങ്കിൽ മലയാള സിനിമയുടെ ഭാവഗായകൻ എന്ന വിശേഷണം മലയാളികൾ നൽകിയിരിക്കുന്നത് പി ജയചന്ദ്രനാണ്. ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ മലയാളി സംഗീത പ്രേമികൾക്ക് നൽകിയിട്ടുള്ള ജയച്ചന്ദ്രൻ കഴിഞ്ഞ ദിവസം മലയാളികളെ ഞെട്ടിച്ചത് തന്റെ പുതിയ ലുക്ക് കൊണ്ടാണ്. മസിൽ പെരുപ്പിച്ചു ഹോളിവുഡ് നടന്മാരുടെ ലുക്കിൽ ഉള്ള അദ്ദേഹത്തിന്റെ പുതിയ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു നീല ടീഷർട്ട് ഇട്ടു കൊണ്ട് ചിത്രത്തിൽ കാണപ്പെടുന്ന അദ്ദേഹത്തിന്റെ പിരിച്ചു വെച്ച കൊമ്പൻ മീശയും ബുൾഗാൻ താടിയും ഒരു ഹോളിവുഡ് സിനിമാ താരത്തിന്റെ സ്റ്റൈലൻ ലുക്കാണ് അദ്ദേഹത്തിന് നല്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും വലിയ ആവേശത്തോടെയാണ് ഭാവഗായകന്റെ ഈ പുത്തൻ ലുക്കിനെ സോഷ്യൽ മീഡിയ ഒന്നടങ്കം സ്വീകരിക്കുന്നതെന്ന് പറയാതെ വയ്യ. ആ ചിത്രം കണ്ട് മോഹൻലാൽ വിളിച്ചപ്പോൾ പറഞ്ഞത് അടിപൊളിയായിട്ടുണ്ട് എന്നാണെന്ന് ജയചന്ദ്രൻ പറയുന്നു.
മന്ത്രി വി.എസ് സുനില്‍കുമാര്‍ വിളിച്ച് ഈ ഫോട്ടോ മോര്‍ഫ് ചെയ്തതാണോ അതോ ഒറിജിനല്‍ തന്നെയാണോ എന്ന് ചോദിച്ചു എന്നും ജയചന്ദ്രൻ വെളിപ്പെടുത്തി. സുഹൃത് സതീഷും അദ്ദേഹത്തിന്റെ മകനും കൂടിയാണ് ഈ പോസിൽ ഫോട്ടോ എടുപ്പിച്ചു പരസ്യപ്പെടുത്തിയത് എന്നും ജയചന്ദ്രൻ പറഞ്ഞു. 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി ജനിച്ച ജയചന്ദ്രൻ 76 ആം വയസ്സിലാണ് ഈ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ് ഇതിനെ കൂടുതൽ സ്‌പെഷ്യൽ ആക്കുന്നത്. വീട്ടിനുള്ളിൽ സ്ഥിരമായി വ്യായാമം ചെയ്യാറുണ്ട് എന്നും മീശയിലും താടിയിലും പരീക്ഷണങ്ങൾ നടത്താറുണ്ട് എന്നും അദ്ദേഹം പറയുന്നു.
