മോഹൻലാലിനെ നായകനാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രമാണ് ഗുരു. 1997 ൽ റിലീസ് ചെയ്ത ഈ ചിത്രം ആ വർഷത്തെ ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണ്. വളരെ കാലിക പ്രസക്തമായ കഥ പറഞ്ഞ ഈ ചിത്രം, കഥ പറഞ്ഞ രീതി കൊണ്ടും ക്യാൻവാസ് കൊണ്ടും മോഹൻലാലിന്റെ ഗംഭീര പ്രകടനം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.
ഏറ്റവും പുതിയ വാർത്തകൾ പ്രകാരം മലയാളത്തിലെ ക്ലാസിക് ആയി വാഴ്ത്തപ്പെടുന്ന ഈ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. 4K അറ്റ്മോസിൽ ചിത്രം റീ റിലീസ് ചെയ്യാനുള്ള ജോലികൾ പുരോഗമിക്കുകയാണെന്ന് സംവിധായകൻ രാജീവ് അഞ്ചൽ തന്നോട് പറഞ്ഞെന്നു വെളിപ്പെടുത്തിയത് പ്രശസ്ത നടനും സംവിധായകനുമായ ആലപ്പി അഷറഫ് ആണ്. ചിത്രം പറയുന്ന വിഷയം ഇന്നും വളരെ പ്രസക്തമായതും കൊണ്ടും, മലയാള സിനിമ കണ്ട ഏറ്റവും സാങ്കേതിക പൂർണതയുള്ള ചിത്രങ്ങളിൽ ഒന്നായത് കൊണ്ടും ഗുരു വീണ്ടുമെത്തുന്നു എന്ന വാർത്ത പ്രേക്ഷകരിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്.
രാജിന് അഞ്ചലിന്റെ കഥക്ക് സി ജി രാജേന്ദ്ര ബാബു തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ജനസമ്മതി ക്രിയേഷൻസ് ആണ്. മോഹൻലാൽ കൂടാതെ സുരേഷ് ഗോപി, മധുപാൽ, ശ്രീനിവാസൻ, നെടുമുടി വേണു, ശ്രീലക്ഷ്മി, കാവേരി, സിതാര എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. എസ് കുമാർ കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ഇളയരാജയും എഡിറ്റ് ചെയ്തത് ബി ലെനിൻ, വി ടി വിജയൻ എന്നിവർ ചേർന്നുമാണ്. ഗുരു കൂടാതെ തേന്മാവിൻ കൊമ്പത്ത്, ആറാം തമ്പുരാൻ, ഇരുവർ എന്നീ മോഹൻലാൽ ചിത്രങ്ങളും റീ റിലീസിന് ഒരുങ്ങുന്നുണ്ട്.