യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫർ എന്ന ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമാണ് നേടിയത്. ടോട്ടൽ ബിസിനസ്സിലൂടെ മലയാളത്തിലെ ആദ്യത്തെ 200 കോടി ക്ലബ് തുറന്ന ഈ ചിത്രം വിദേശത്തു 50 കോടി നേടുന്ന ആദ്യത്തെ മലയാള ചിത്രവും 100 കോടി തീയേറ്റർ കളക്ഷൻ നേടുന്ന രണ്ടാമത്തെ മാത്രം മലയാള ചിത്രവുമാണ്. ആമസോൺ പ്രൈമിൽ നിന്നും 15 കോടിയുടെ റെക്കോർഡ് റൈറ്റ്സ് നേടിയ ലൂസിഫർ ഇപ്പോൾ ഉത്തരേന്ത്യൻ സിനിമാ പ്രേമികളുടെയും മനസ്സ് കീഴടക്കുകയാണ്. ലൂസിഫർ കണ്ട നോൺ- മലയാളി പ്രേക്ഷകർ മോഹൻലാലിനെ പ്രശംസ കൊണ്ട് മൂടുകയാണ്. മോഹൻലാലിനെ പോലെ വെള്ളിത്തിരയിലെ പ്രകടനം കൊണ്ട് മനസ്സ് കീഴടക്കാൻ ലോകത്തൊരു സെലിബ്രിറ്റിക്കും സാധ്യമല്ല എന്നാണ് ഉത്തരേന്ത്യൻ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
അദ്ദേഹം മുണ്ടു മടക്കി കുത്തുന്നതിനു പോലും പറഞ്ഞു ഫലിപ്പിക്കാനാവാത്ത ഒരു ഭംഗിയും താളവും അതിലൊരു കവിതയുമുണ്ടെന്നു ഉത്തരേന്ത്യൻ സ്ത്രീ പ്രേക്ഷകർ അടക്കം പറയുന്നു. മോഹൻലാലിനെയും ലൂസിഫറിനെയും പ്രശംസിച്ചു കൊണ്ടുള്ള നോൺ- മലയാളി പ്രേക്ഷകരുടെ കമെന്റുകളും പോസ്റ്റുകളും ട്വിറ്റെർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ നിറയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ലൂസിഫർ അതിഗംഭീര ചിത്രം ആണെന്നും തങ്ങളുടെ മനസ്സ് കീഴടക്കി കഴിഞ്ഞു എന്നും പ്രേക്ഷകർ പറയുന്നു. ആമസോൺ പ്രൈമിലൂടെ ഇതിനോടകം അനേകം നോൺ- മലയാളി പ്രേക്ഷകർ ഈ ചിത്രം കണ്ടു കഴിഞ്ഞു. ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉൾപ്പെടെയാണ് ലൂസിഫർ ആമസോണിൽ സ്ട്രീം ചെയ്യുന്നത്. ലൂസിഫറിന്റെ തമിഴ്, തെലുങ്കു വേർഷനുകളും ആമസോണിൽ ഉണ്ട്.