![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/08/Mohanlal-Marakkar-Kayamkulam-Kochunni-Movie-Images.jpg?fit=1024%2C592&ssl=1)
മോഹൻലാലിന്റെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മാർച്ചിൽ റിലീസ് തീരുമാനിക്കുകയും കൊറോണയുടെ കടന്ന് വരവ് മൂലം പിന്നീട് റിലീസ് തിയതി മാറ്റുകയുമായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി.ജി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മലയാളത്തിലെ തന്നെ ഏറ്റവും ബഡ്ജറ്റുള്ള ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ ഒരുപാട് പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ പുതിയ സ്റ്റിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മോഹൻലാൽ മാസ്സ് ലുക്കിൽ തിരിഞ്ഞു നിൽക്കുന്ന സ്റ്റിലാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ അവിസ്മരണീയമാക്കിയ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ ഒരു നിമിഷം ഓർത്ത് പോകും. പക്കിയെ വെല്ലുന്ന ഒരു മാസ്സ് കഥാപാത്രം തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ടീസർ ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. മലയാള സിനിമ തന്നെയാണോ എന്ന് സംശയം തോന്നുന്ന തരത്തിലുള്ള വിശ്വൽസും ക്വാളിറ്റിയുമാണ് കാണാൻ സാധിച്ചത്. കീർത്തി സുരേഷ്, അർജുൻ, സുനിൽ ഷെട്ടി, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തീയറ്ററുകൾ തുറന്നാൽ ഉടൻ നല്ലൊരു റിലീസ് തിയതിയുമായി മരക്കാർ ടീം വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.