തലയുയർത്തി നേര്, തലയെടുപ്പോടെ രാഗം; 17 ദിവസം കൊണ്ട് വിറ്റ ടിക്കറ്റുകൾ അരലക്ഷം

Advertisement

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി ആഗോള തലത്തിൽ 100 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ്. ഇതിനോടകം 81 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം 45 കോടിയിലേക്ക് കുതിക്കുകയാണ്. അതിൽ തന്നെ കേരളത്തിൽ ഈ ചിത്രത്തിന്റെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ തീയേറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്, കേരളത്തിലെ ഏറ്റവും പ്രശസ്തവും മികച്ചതുമായ തീയേറ്ററുകളിലൊന്നായ തൃശൂർ രാഗം തീയേറ്റർ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നേര് റിലീസ് ചെയ്ത് ആദ്യ പതിനേഴ് ദിവസം കൊണ്ട് തൃശൂർ രാഗത്തിൽ നിന്ന് മാത്രം അര ലക്ഷം ടിക്കറ്റുകൾക്ക് മുകളിലാണ് ഈ ചിത്രത്തിന്റേതായി വിറ്റു പോയത്. ആദ്യ പതിനേഴ് ദിവസം കൊണ്ട് 52 ലക്ഷത്തിലധികമാണ് ഈ ചിത്രത്തിന്റെ രാഗത്തിലെ മാത്രം ഗ്രോസ്.

മൾട്ടിപ്ളെക്സ് സ്ക്രീനുകൾ സിനിമാ വ്യവസായം ഭരിക്കുന്ന കാലത്തും രാഗം പോലെയൊരു സിംഗിൾ സ്ക്രീനിലേക്ക് ആളുകൾ ഒഴുകിയെത്തുന്ന കാഴ്ചയും നേരിലൂടെ നമ്മുക്ക് കാണാൻ സാധിക്കുന്നുണ്ട്. മോഹൻലാൽ ചിത്രങ്ങൾക്ക് എന്നും വമ്പൻ സ്വീകരണം ലഭിക്കുന്ന തൃശൂരിൽ, മോഹൻലാൽ ചിത്രവും രാഗം തീയേറ്ററും പ്രേക്ഷകർക്ക് ഒഴിവാക്കാനാവാത്ത ഒരു ഗംഭീര കോമ്പിനേഷൻ തന്നെയാണെന്ന് തൃശ്ശൂർ നിവാസികളും സാക്ഷ്യപ്പെടുത്തുന്നു. നേരിന്റെ ടിക്കറ്റ് വിറ്റു പോയ കണക്കിൽ രാഗത്തിന് പിന്നിൽ നിൽക്കുന്നത് എറണാകുളം കവിത എന്ന സിംഗിൾ സ്ക്രീനും തിരുവനന്തപുരം ഏരീസ് പ്ലെക്സുമാണ്. ഏതായാലും കേരളത്തിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ആശീർവാദ് സിനിമാസ് നിർമ്മിച്ച നേര് എന്ന ഈ ഇമോഷണൽ കോർട്ട് റൂം ഡ്രാമ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close