മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീരാളി’. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വില്ലനാണ് മോഹൻലാൽ അവസാനമായി അഭിനയിച്ച മലയാള ചിത്രം, 8 മാസത്തെ ഇടവേളക്ക് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം നാളെ പ്രദർശനത്തിനെത്തുന്നത്. മലയാള സിനിമയിലെ എവർ ഗ്രീൻ ജോഡിയായ മോഹൻലാൽ- നാദിയ മൊയ്ദു വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിൽ ഇതുവരെ കാണാത്ത ഒരു റോഡ് ത്രില്ലർ മൂവിയായിരിക്കും നീരാളിയെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. സജു തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
ഒടിയന്റെ ഷൂട്ടിങ് സമയത്താണ് നീരാളി സിനിമയുടെ ചിത്രീകരണം നടന്നത്. ശരീര ഭാരം കുറക്കുകയും വളരെ വ്യത്യസ്തമായ ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സണ്ണി എന്ന കഥാപാത്രത്തിന്റെ ജീവൻ മരണ പോരാട്ടാമാണ് നീരാളി എന്ന ചിത്രം. സാധാരണ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായി പ്രകൃതിയാണ് വില്ലനായി പ്രത്യക്ഷപ്പെടുന്നത്. ബാംഗ്ലൂറിൽ നിന്ന് കോഴിക്കോടിലേക്ക് ഒരു പ്രധാനപ്പെട്ട ആവശ്യത്തിമായി പോകുന്ന രണ്ട് പേരെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനേയും നീരാളി പിടിച്ച അനുഭവം ചിത്രം സമ്മാനിക്കും എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, പാർവതി നായർ, ദിലീഷ് പോത്തൻ, നാസർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം സ്റ്റീഫൻ ദേവസിയാണ് സംഗീതം ഒരുക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് വർക്കുകൾ അജോയ് വർമ്മയും സജിത് ഉണ്ണികൃഷ്ണനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നാളെ വമ്പൻ റിലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും.