മോഹൻലാലിലൂടെ ദേശീയ പുരസ്‌കാരം വീണ്ടും മലയാളത്തിലേക്കോ? ഏഴു നോമിനേഷനുമായി മരക്കാർ.!

Advertisement

67 മത് ഇന്ത്യൻ ദേശീയ ചലച്ചിത്ര പുരസ്‌കാരം ഈ മാസം പ്രഖ്യാപിക്കപ്പെടും എന്നുള്ള റിപ്പോർട്ടുകൾ ഈ കഴിഞ്ഞ ജനുവരി മാസത്തിലാണ് വന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അന്തിമ റൗണ്ടിൽ എത്തിയ ചിത്രങ്ങൾ പ്രധാന ജൂറി കണ്ടു വിലയിരുത്താനുള്ള ഒരുക്കത്തിലാണ്. അതിൽ മലയാളത്തിൽ നിന്ന് പതിനേഴു ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന സൂചനയാണ് ലഭിക്കുന്നത്. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിനാണ് ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ചിരിക്കുന്നതെന്നും വാർത്തകൾ പറയുന്നു. മികച്ച നടൻ, മികച്ച ചിത്രം, മികച്ച സംവിധായകൻ, വസ്ത്രാലങ്കാരം തുടങ്ങിയ പ്രധാന വിഭാഗങ്ങളിൽ മരക്കാർ മത്സരിക്കും. അഞ്ചു മേഖലാ ജൂറികൾ ചിത്രങ്ങൾ തിരഞ്ഞെടുത്തു സെൻട്രൽ ജൂറിക്ക് അയച്ചു കഴിഞ്ഞു. മികച്ച നടനുള്ള ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ചിരിക്കുന്നത് തമിഴ് നടൻ പാർഥിപന് ആണെന്നും റിപ്പോർട്ടുകൾ പറയുന്നു.

അദ്ദേഹം തന്നെ സംവിധാനം ചെയ്തു അഭിനയിച്ച ഒത്ത സെരൂപ്പ് എന്ന ചിത്രത്തിന് 5 നോമിനേഷൻ ലഭിച്ചു എന്നാണ് സൂചന. കുമ്പളങ്ങി നൈറ്റ്‌സ്, വാസന്തി, ജെല്ലിക്കെട്ട് എന്നിവയും മലയാളത്തിൽ നിന്ന് അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്. 65 ചിത്രങ്ങൾ ആണ് മലയാളത്തിൽ നിന്ന് ആകെ സമർപ്പിക്കപ്പെട്ടത്. പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തിനു മൂന്ന് കേരളാ സംസ്ഥാന അവാർഡുകൾ ലഭിച്ചിരുന്നു. ഡബ്ബിങ്, നൃത്ത സംവിധാനം, വി എഫ് എക്‌സ് എന്നിവയ്ക്കാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. മികച്ച നടനുള്ള പുരസ്കാരം ഇതിലൂടെ മോഹൻലാലിന് ലഭിച്ചാൽ നടനെന്ന നിലയിൽ ഏറ്റവും കൂടുതൽ ദേശീയ അംഗീകാരം ലഭിച്ച ഇന്ത്യൻ താരമായി മോഹൻലാൽ മാറും. ഇപ്പോൾ മികച്ച നടനുള്ള രണ്ടു അവാർഡും 2 സ്‌പെഷ്യൽ ജൂറി പുരസ്‌കാരവുമുള്ള മോഹൻലാലിന് നിർമ്മാതാവ് എന്ന നിലയിലും ദേശീയ അവാർഡ് നേടാനായിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close