മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഈ കഴിഞ്ഞ ജനുവരിയിൽ രാജസ്ഥാനിലെ ജയ് സാൽമീറിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം നാല്പത് ദിവസത്തോളം പിന്നിട്ടു കഴിഞ്ഞു. അതീവ രഹസ്യ സ്വഭാവത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഇതിന്റെ വർക്കിംഗ് സ്റ്റില്ലുകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. കുറച്ചു ദിവസം മുൻപാണ് ഇതിന്റെ ഷൂട്ടിംഗ് ഇരുപത് ദിവസത്തേക്ക് രാജസ്ഥാനിലെ പൊഖ്‌റാൻ കോട്ടയിലേക്ക് ഷിഫ്റ്റ് ചെയ്തത്. എന്നാൽ അവിടെ നിന്നും പുറത്തു വന്ന ചില ദൃശ്യങ്ങൾ കണ്ടതോടെ, ഈ ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ കാലത്തെ പോലീസ്, സൈനിക വസ്ത്രങ്ങളണിഞ്ഞ വിദേശികളായ ജൂനിയർ ആർട്ടിസ്റ്റുകളുടെ ചിത്രങ്ങളാണ് വൈറലായത്. അതോടെ ഗുസ്തിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചു.
ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടത്തിൽ ജീവിച്ചിരുന്ന, ആരാലും തോൽപ്പിക്കപ്പെടാത്ത ഇന്ത്യൻ ഗുസ്തിക്കാരനായിരുന്നു ദി ഗ്രേറ്റ് ഗാമ ഫയൽവാൻ. അൻപത് വർഷത്തോളം അജയ്യനായി തുടർന്ന ഗാമ ഗുസ്തിയിൽ നിന്ന് വിരമിച്ചത് പോലും എതിരാളികളായി ആരെയും ലഭിക്കാത്തത് കൊണ്ടാണെന്നാണ് പറയപ്പെടുന്നത്. ഇന്ത്യൻ വിഭജനം നടക്കുന്ന സമയത്ത് ലാഹോറിൽ നിന്ന് ഒട്ടേറെ ഹിന്ദു മതസ്ഥരെ സ്വന്തം ചിലവിൽ സുരക്ഷിതമായി ഇന്ത്യയിൽ എത്തിച്ചതും ഗുലാം മുഹമ്മദ് ബക്ഷ് എന്ന ദി ഗ്രേറ്റ് ഗാമ ഫയൽവാൻ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അദ്ദേഹത്തിന്റെ ജീവിത കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മലൈക്കോട്ടൈ വാലിബൻ ഒരുക്കുന്നതെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ചിത്രത്തിന്റെ കഥയേയോ മോഹൻലാലിൻറെ കഥാപാത്രത്തെയോ കുറിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു വാർത്തയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഈ ചിത്രത്തിന്റെ കഥ രചിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥ രചിച്ചത് പി എഫ് റഫീക്കുമാണ്.