മോഹൻലാൽ നായകനായി എത്തുന്ന ലിജോ ജോസ് പെല്ലിശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനാണ് ഇപ്പോൾ സോഷ്യൽ മീഡിയയും കേരളക്കരയും ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ട്രൈലെർ കൂടി വമ്പൻ ഹിറ്റായതോടെ പ്രേക്ഷകരുടെ ആകാംഷയും ആവേശവും വർധിച്ചിരിക്കുകയാണ്. ട്രൈലെർ റിലീസിനൊപ്പം ചിത്രത്തിന്റെ ആഗോള തലത്തിലുള്ള അഡ്വാൻസ് ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. ജനുവരി 25 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് ഇപ്പോൾ തന്നെ വമ്പൻ വരവേൽപ്പാണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ കേരളത്തിൽ നിന്ന് മാത്രം ഒരു കോടി രൂപക്ക് മുകളിൽ നേടിയ ഈ ചിത്രം ആഗോള തലത്തിൽ 3 കോടിക്ക് മുകളിലാണ് നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളിൽ ഒന്നായ തൃശൂർ രാഗത്തിൽ, ജനുവരി പത്തൊന്പതിന് രാവിലെ പത്ത് മണിക്ക് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ ആദ്യ ദിവസത്തെ നാല് ഷോകളുടേയും ടിക്കറ്റുകൾ ഏകദേശം മുഴുവനായി തന്നെ വിറ്റു പോയിരിക്കുകയാണ്. ഇത് കൂടാതെ അവിടെ നടത്തുന്ന രണ്ട് ഫാൻസ് ഷോകളും പൂർണമായും വിറ്റു പോയിട്ടുണ്ട്.
ഒരിക്കൽ കൂടി തൃശ്ശൂരും രാഗവും മോഹൻലാൽ എന്ന താരത്തിന്റെ ഉരുക്കു കോട്ടയാണെന്നു തെളിയിക്കുകയാണ് മലൈക്കോട്ടൈ വാലിബൻ നേടുന്ന അഭൂതപൂർവമായ ബുക്കിംഗ്. കേരളത്തിലുടനീളം വമ്പൻ ബുക്കിങ്ങാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിലെ അറുനൂറിൽ കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം, വിദേശത്ത് ഏറ്റവും വലിയ റിലീസ് ലഭിക്കാൻ പോകുന്ന മലയാള ചിത്രമെന്ന ബഹുമതിയും നേടാനുള്ള ഒരുക്കത്തിലാണ്. ഒരു മലയാള സിനിമക്ക് ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും ഉയർന്ന ആഗോള ഗ്രോസ് നേടാനുള്ള ഒരുക്കത്തിലാണ് മലൈക്കോട്ടൈ വാലിബൻ. ആദ്യ ദിനം 20 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ മരക്കാർ എന്ന മോഹൻലാൽ ചിത്രമാണ് ഇപ്പോഴാ റെക്കോർഡ് കയ്യിൽ വെച്ചിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ, സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, ഹരികൃഷ്ണൻ, സുചിത്ര നായർ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.