മലയാള സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഗ്രോസ്സർ ആയ മോഹൻലാൽ ചിത്രം ലൂസിഫർ ഡിജിറ്റൽ റൈറ്റ്സിലും മലയാള സിനിമയിലെ പുതിയ റെക്കോർഡ് സൃഷ്ടിച്ചു കഴിഞ്ഞു. 13.5 കോടി രൂപയ്ക്കാണ് ലൂസിഫറിന്റെ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം സ്വന്തമാക്കിയത്. ലൂസിഫറിന്റെ ആമസോൺ പ്രൈം ഡിജിറ്റൽ സ്ട്രീമിങ് ഈ വരുന്ന മെയ് പതിനാറിന് നടക്കും. മലയാള സിനിമയിൽ ഇത് വരെ ഒരു ചിത്രത്തിനും ആറു കോടി രൂപയ്ക്കു മുകളിൽ ഡിജിറ്റൽ റൈറ്റ്സ് നേടാൻ ആയിട്ടില്ല എന്ന വസ്തുത കൂടി പരിഗണിക്കുമ്പോൾ ആണ് ലൂസിഫർ കൈവരിച്ച നേട്ടം വാർത്തയാകുന്നത്. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സും മലയാള സിനിമയിലെ റെക്കോർഡ് ആണെന്നാണ് സൂചന. ഏഷ്യാനെറ്റ് ആണ് ലൂസിഫറിന്റെ ടി വി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 14 കോടിയോളം രൂപ മുടക്കിയാണ് ഏഷ്യാനെറ്റ് ലൂസിഫറിന്റെ സാറ്റലൈറ്റ് റൈറ്റ്സ് നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഡിജിറ്റൽ, സാറ്റലൈറ്റ് റൈറ്റ്സ് എന്നിവയിൽ കൂടി മാത്രം ഏകദേശം 28 കോടി രൂപയുടെ ബിസിനസ്സ് നടത്തിയ ലൂസിഫർ മറ്റു അവകാശങ്ങൾ വിറ്റു ആകെ മൊത്തം നാൽപതു കോടിയോളം ആണ് ബോക്സ് ഓഫീസിനു പുറത്തു നടത്തിയ ബിസിനസ്സ്. അവസാന അപ്‌ഡേറ്റ് കിട്ടുമ്പോൾ 130 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ഈ ചിത്രം നടത്തിയ ടോട്ടൽ ബിസിനെസ്സ് ഇപ്പോൾ 170 കോടിയോളം രൂപയാണ്. ആഗോള കളക്ഷനിൽ പുലിമുരുകന് പിന്നിൽ രണ്ടാമൻ ആണ് ലൂസിഫർ എങ്കിലും ടോട്ടൽ ബിസിനസ്സ് നോക്കുമ്പോൾ മലയാള സിനിമയിലെ ഒന്നാമൻ ആയി കഴിഞ്ഞു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം. മുരളി ഗോപി രചന നിർവഹിച്ച ലൂസിഫർ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. വിദേശത്തു നിന്ന് മാത്രം അമ്പതു കോടി നേടിയ ആദ്യ മലയാള ചിത്രം ആണ് ലൂസിഫർ.