
മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 27 നാണ്. അതിന്റെ ഭാഗമായി ചിത്രത്തിന്റെ വിദേശ ടിക്കറ്റ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്കു മുൻപ് ആരംഭിക്കുകയും പ്രീ സെയിൽസിൽ ഓവർസീസ് മാർക്കറ്റിലെ മലയാളത്തിലെ നിലവിലുള്ള എല്ലാ റെക്കോർഡുകളും ഭേദിക്കുകയും ചെയ്തിരുന്നു. എമ്പുരാൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 നു രാവിലെ 9 മണിക്കാണ് ആരംഭിച്ചത്.
അതിനു ശേഷം കേരളം സാക്ഷ്യം വഹിച്ചത് മുൻപ് മോഹൻലാൽ ചിത്രങ്ങൾക്ക് മാത്രം കേരളം കണ്ടിട്ടുള്ള കാഴ്ചയുടെ ഡബിൾ ഡോസ് വേർഷൻ ആയിരുന്നു. അതിൽ തന്നെ കേരളത്തിലെ ഏറ്റവും മികച്ചവയിൽ ഒന്നായ, ഏറ്റവും പ്രശസ്തമായ തൃശൂർ രാഗത്തിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. വെള്ളിയാഴ്ച വെളുപ്പിനെ മുതൽ എമ്പുരാൻ ടിക്കറ്റ് ബുക്കിങ്ങിനായി രാഗത്തിന്റെ ഗേറ്റിനു വെളിയിൽ മോഹൻലാൽ ആരാധകർ നിറഞ്ഞു കവിഞ്ഞു. ടിക്കറ്റ് ബുക്കിങ്ങിനായി ഗേറ്റ് ഓപ്പൺ ചെയ്തതും അണക്കെട്ടു തുറന്നു വിട്ടത് പോലെ ആർത്തലച്ചു തീയേറ്ററിലേക്ക് ഓടി കയറുന്ന ആരാധകരുടെ ദൃശ്യങ്ങൾ ഇപ്പോൾ ഓൾ ഇന്ത്യ ലെവലിൽ വാർത്താ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. രാഗത്തിലെ ആദ്യ ദിനത്തിലെ എല്ലാം ഷോകളും സോൾഡ് ആയെന്നു മാത്രമല്ല, ചിത്രത്തിന്റെ ആദ്യ അഞ്ചു ദിവസത്തെ തന്നെ ബഹുഭൂരിപക്ഷം ടിക്കറ്റുകളും വിറ്റു തീർന്നു. ഇത് രാഗത്തിലെ തന്നെ റെക്കോർഡ് ആയി മാറിയിട്ടുണ്ട്.
കേരളത്തിലൊന്നാകെ ഇത് തന്നെയാണ് അവസ്ഥ. നാല്പതോളം ഷോകൾ ക്രമീകരിച്ച പല മൾട്ടിപ്ളെക്സ് കോമ്പ്ലെക്സുകളിൽ പോലും ടിക്കറ്റുകൾ ലഭിക്കാനില്ല. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളായ ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ എന്നിവയുടെയുൾപ്പെടെ സെർവറുകൾ ടിക്കറ്റ് പ്രെഷർ കാരണം പ്രവർത്തനരഹിതമായി മാറി. മണിക്കൂറിൽ ഒരു ലക്ഷം ടിക്കറ്റുകൾ വരെ ഇന്ന് എമ്പുരാന്റേതായി ബുക്ക് മൈ ഷോ ആപ്പിൽ വിറ്റതോടെ അത് ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ റെക്കോർഡ് ആയി മാറുന്ന കാഴ്ചയും മലയാള സിനിമ കണ്ടു. ഏകദേശം 96000+ ടിക്കറ്റുകളാണ് ഈ ചിത്രത്തിന്റേതായി ഒരു മണിക്കൂറിൽ ബുക്ക് മൈ ഷോയിൽ വിറ്റഴിഞ്ഞത്. ഇതിനോടകം 4 ലക്ഷം ടിക്കറ്റുകളാണ് ഇന്ന് മാത്രം ബുക്ക് മിസ് ഷോ വഴി വിറ്റത്.
ബുക്കിംഗ് തുടങ്ങിയ ആദ്യ ദിനത്തിലെ പ്രീ സെയിൽസ് കൊണ്ട് മാത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആദ്യ ദിന ഗ്രോസ്സർ ആയി മാറിയ എമ്പുരാൻ, ഒടിയൻ എന്ന ചിത്രത്തിന്റെ 7 കോടി 20 ലക്ഷം രൂപയുടെ ആദ്യ ദിന റെക്കോർഡ് ആണ് തകർത്തത്. 12 കോടി ആദ്യ ദിനം നേടി കേരളത്തിൽ റെക്കോർഡ് സ്ഥാപിച്ച ലിയോയുടെ ആദ്യ ദിന കേരളാ ഗ്രോസും പ്രീ സെയിൽസ് വഴി തന്നെ എമ്പുരാൻ തകർക്കുമെന്നാണ് നിലവിലെ ബുക്കിംഗ് ട്രെൻഡ് ഉറപ്പിച്ചു പറയുന്നത്. കേരളത്തിന് പുറത്തും വമ്പൻ പ്രതികരണമാണ് ചിത്രത്തിന്റെ ബുക്കിങ്ങിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. കർണാടകയിൽ നിന്നു മാത്രം ഒരു കോടി രൂപയുടെ മുകളിൽ ടിക്കറ്റുകൾ ചിത്രത്തിന്റേതായി വിറ്റു പോയി. ആഗോള പ്രീ സെയിൽസ് 30 കോടിയിലേക്ക് കുതിക്കുന്ന എമ്പുരാന്റെ വിദേശ പ്രീ സെയിൽസ് 20 കോടിയിലേക്കാണ് എത്തുന്നത്. മലയാള സിനിമയിലെ നിലവിലുള്ള ബോക്സ് ഓഫിസ് റെക്കോർഡുകൾ പകുതിയോളമോ അതിനു മുകളിലോ, റിലീസ് ചെയ്യാൻ ആറു ദിവസം ബാക്കിയുള്ളപ്പോൾ തന്നെ ഈ ചിത്രം തകർത്തുകഴിഞ്ഞു.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മുരളി ഗോപിയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 27 നു ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ആഗോള പ്രദർശനം ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.