മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭകളിലൊരാളായ നെടുമുടി വേണു വിട വാങ്ങുമ്പോൾ മലയാള സിനിമാ ലോകവും മലയാള സിനിമാ പ്രേമികളും കണ്ണീരണിയുകയാണ്. അതിൽ തന്നെ നെടുമുടി വേണു എന്ന വ്യക്തി കാലയവനികക്കുള്ളിൽ മറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വേദനിക്കുന്ന സഹപ്രവർത്തകനും സുഹൃത്തുമാണ് മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ. നെടുമുടി വേണുവും മോഹൻലാലും തമ്മിലുള്ള ബന്ധത്തിന് നാല്പതിലേറെ വർഷത്തെ പഴക്കമുണ്ട്. അവർ സഹപ്രവർത്തകരെക്കാൾ ഉപരി സഹോദരന്മാരും സ്നേഹിതരുമായിരുന്നു. അത്ര വലിയ ആത്മ ബന്ധം പുലർത്തിയ സഹോദരൻ വിട്ടു പോകുമ്പോൾ മോഹൻലാൽ കുറിക്കുന്ന ഓരോ വാക്കിലും കണ്ണീരിന്റെ നനവുണ്ട്. മനോരമക്ക് വേണ്ടി നെടുമുടി വേണു എന്ന, തന്റെ ആത്മാവിന്റെ ഭാഗമായിരുന്ന സഹോദര തുല്യനെ കുറിച്ച് മോഹൻലാൽ എഴുതിയ ഓരോ വാക്കിലും അദ്ദേഹത്തിന്റെ ഹൃദയ വേദന നിറഞ്ഞു നിൽക്കുന്നുണ്ട്. യാത്രയിൽ തനിച്ചായതു പോലെയാണ് തനിക്കു തോന്നു തോന്നുന്നത് എന്നും തന്നെ ഇതുപോലെ ചേർത്ത് നിർത്തിയവർ വളരെ കുറവാണു എന്നും മോഹൻലാൽ പറയുന്നു. ജീവിതത്തിലെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഒപ്പം വേണു ചേട്ടൻ താങ്ങായും തണലായും ഉണ്ടായിരുന്നു എന്നും മോഹൻലാൽ കുറിക്കുന്നു.
ആദ്യമായി കണ്ട നിമിഷം മുതൽ പിന്നങ്ങോട്ട് എന്നും എപ്പോഴും ലാലു കുട്ടാ എന്ന് മാത്രം തന്നെ വിളിച്ചിരുന്ന ആ സ്നേഹ സ്വരൂപൻ, അവസാനമായി ആറാട്ട് എന്ന ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോഴും തനിക്കു കരുതി വെച്ച മറ്റൊരു കഥാപാത്രം വേണ്ടെന്നു വെച്ചിട്ടു, ചെറിയ വേഷമാണെങ്കിലും എനിക്ക് ലാലിനൊപ്പം ഉള്ള വേഷം മതി എന്ന് പറഞ്ഞ ആളാണെന്നും മോഹൻലാൽ ഓർക്കുന്നു. തന്നെ എപ്പോഴും സ്വപ്നം കാണുന്ന വേണു ചേട്ടൻ ഓരോ സ്വപ്നത്തിനു ശേഷവും തന്നെ വിളിക്കുമായിരുന്നു എന്നും ആ സ്വപ്നത്തിലെ തമാശകൾ പങ്കു വെക്കുക എന്നത് തങ്ങളുടെ ഒരു ശീലമായിരുന്നു എന്നും മോഹൻലാൽ പറഞ്ഞു. ഒരുമിച്ചുള്ള ഒരു വലിയ ആഘോഷമായിരുന്നു തങ്ങളുടെ യാത്ര എന്ന് കുറിച്ച മോഹൻലാൽ, വേണു ചേട്ടൻ തന്റെ ഗുരുവായിരുന്നോ, സുഹൃത്തായിരുന്നോ, സഹോദരനായിരുന്നോ എന്ന് പോലും തനിക്കു വേർതിരിച്ചു അറിയാൻ കഴിയാത്ത വിധം തന്നോട് ചേർന്ന് പോയിരുന്നു എന്നും പറഞ്ഞു. എന്നും തന്നെ സ്വപ്നം കണ്ടിരുന്ന വേണു ചേട്ടനെ ഇനി താൻ സ്വപ്നം കാണുമായിരിക്കുമെന്നും ആരും കാണാതെ ആരും കേൾക്കാതെ തന്നെ ചേർത്ത് പിടിച്ചു ചെവിയിൽ തമാശ പറയുമായിരിക്കുമെന്നും മോഹൻലാൽ വേദനയോടെ കുറിക്കുന്നു. ഈ യാത്രയിൽ താൻ തനിച്ചാവുകയാണെന്നും യാത്രയുടെ കുടക്കീഴിൽ താനൊറ്റപ്പെട്ടെന്നും കൂടി പറഞ്ഞു കൊണ്ടാണ് മോഹൻലാൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.