മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230 സ്‌ക്രീനുകളിലാണ് ഈ ത്രീഡി ഫാന്റസി ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പ്രധാനമായും കുട്ടികൾക്കൾക്കു വേണ്ടി ഒരുക്കിയ ഈ ചിത്രം പൂർണ്ണമായും ത്രീഡിയിൽ മാത്രം ഷൂട്ട് ചെയ്ത രണ്ടാമത്തെ മാത്രം ഇന്ത്യൻ ചിത്രമാണ്.
ആഗോള തലത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ചിത്രം 400 വർഷം പ്രായമുള്ള ഒരു ഭൂതവും ഒരു പെൺകുട്ടിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. മോഹൻലാൽ തന്നെയാണ് ടൈറ്റിൽ കഥാപാത്രമായ ബറോസിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇസബെല്ലാ എന്ന പെൺകുട്ടി ആയി മായാ റാവു വെസ്റ്റ് അഭിനയിച്ചിരിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കുട്ടികൾക്കും കുട്ടികളുടെ മനസുള്ള മുതിർന്നവർക്കും ആസ്വദിക്കാവുന്ന ഒരു ചെറിയ സിനിമയാണ് ബറോസ് എന്നും ത്രീഡി വിസ്മയങ്ങൾ പ്രേക്ഷകർക്ക് നൽകുന്ന ഈ ചിത്രത്തെ ഒരു തുറന്ന മനസ്സോടെ സമീപിക്കണം എന്നും മോഹൻലാൽ പറയുന്നു. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് ലിഡിയൻ നാദസ്വരം, ഹോളിവുഡിൽ നിന്നുള്ള മാർക്ക് കിലിയൻ എന്നിവരാണ്. എഡിറ്റിംഗ് ബി അജിത് കുമാർ.
മോഹൻലാൽ, മായാ റാവു എന്നിവർ കൂടാതെ ഒട്ടേറെ വിദേശ താരങ്ങളാണ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.