കോവിഡ് 19 ഭീഷണി മൂലം ഈ വർഷം മാർച്ച് മാസത്തിൽ നമ്മുടെ രാജ്യം ലോക്ക് ഡൗണിലാവുകയും അതോടൊപ്പം രാജ്യത്തെ സിനിമാ ഇൻഡസ്ട്രി പൂർണ്ണമായും നിശ്ചലമാവുമായും ചെയ്തതോടെ സിനിമാ താരങ്ങളും സാങ്കേതിക പ്രവർത്തകരും തുടങ്ങി സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ഓരോരുത്തരും സാധാരണ ജനങ്ങളെ പോലെ തന്നെ തങ്ങളുടെ വീടുകളിലേക്ക് ചുരുങ്ങി. അതിൽ ചിലർ കുടുംബത്തിൽ എത്താൻ കഴിയാതെ മറ്റു സ്ഥലങ്ങളിൽ ആണ് പെട്ട് പോയത്. അങ്ങനെ ഒരാളാണ് പ്രശസ്ത നടൻ ബാല. ബാലയുടെ അച്ഛനും അമ്മയും ചെന്നൈയിൽ പെട്ട് പോയപ്പോൾ ബാല കേരളത്തിലാണ്. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ചെന്നൈയിൽ ആണെങ്കിൽ അദ്ദേഹത്തിന്റെ സുഖമില്ലാത്ത അമ്മ കൊച്ചിയിലാണ്. ചെന്നൈയിൽ ആണെങ്കിലും കേരളത്തിലെ കോവിഡ് 19 പ്രതിരോധ രംഗത്ത് സർക്കാരിനൊപ്പം സജീവമായി പ്രവർത്തിക്കുന്ന മലയാള താരമാണ് മോഹൻലാൽ. ഒരുപാട് കോവിഡ് ബോധവൽക്കരണ വീഡിയോകൾ സർക്കാരിനായി ചെയ്ത മോഹൻലാൽ വമ്പൻ തുക ദുരിതാശ്വാസ ഫണ്ടിലേക്കും അതുപോലെ സിനിമാ പ്രവർത്തരുടെ ഫണ്ടിലേക്കും നൽകി.
ആരോഗ്യ പ്രവർത്തകരുമായും കോവിഡ് രോഗികളുമായും നിരന്തരം ഫോണിൽ സംസാരിച്ചു അവർക്കു മാനസിക പിന്തുണ പകരുന്ന മോഹൻലാൽ മലയാള സിനിമയുടെ വിവിധ രംഗത്ത് പ്രവർത്തിക്കുന്ന ഓരോരുത്തരെയും ഫോണിലൂടെ വിളിച്ചു സംസാരിക്കുന്നു. അതിലൊരാളാണ് നടൻ ബാല. ബാല പറയുന്നത് മോഹൻലാൽ എന്ന മനുഷ്യന്റെ ഫോൺ കോൾ പകർന്നു തന്ന ആശ്വാസവും ധൈര്യവും വളരെ വലുതാണ് എന്നാണ്. തന്റെ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ മോഹൻലാൽ അതിനു ശേഷം ചോദിച്ചത് മറ്റാരും തന്നോട് ചോദിക്കാത്ത കാര്യമാണെന്നാണ് ബാല പറയുന്നത്. ബാലയുടെ അച്ഛനും അമ്മയും എവിടെയാണെന്നായിരുന്നു മോഹൻലാൽ ചോദിച്ചത്. അത് തന്റെ മനസ്സിനെ സപ്ര്ശിച്ചു എന്നും അവര്‍ സുഖമായി ഇരിക്കുന്നോ എന്നും കൂടി അദ്ദേഹം ചോദിച്ചപ്പോൾ തന്റെ മനസ്സിലെ വികാരം തന്നെയാണ് അദ്ദേഹത്തിന്റെ ചോദ്യത്തിലൂടെ പുറത്തു വന്നതെന്നും തോന്നി എന്നും ബാല പറയുന്നു. പ്രായമായ തന്റെ അച്ഛനും അമ്മയും ചെന്നൈയിൽ ഒറ്റയ്ക്കുള്ളപ്പോൾ ലാലേട്ടൻ വിളിച്ചത് തനിക്ക് ഒരുപാട് ശക്തി നല്‍കിയെന്നും മനസിലുള്ള പേടിയും വിഷമവും മാറിയെന്നും ബാല പറഞ്ഞു. മോഹൻലാൽ എന്ന സൂപ്പർ താരമല്ല പകരം ഒരു പച്ച മനുഷ്യനെയാണ് ആ സംസാരത്തിലൂടെ താൻ അറിഞ്ഞതെന്നും ബാല കൂട്ടിച്ചേർത്തു.