മലയാളത്തിലെ അല്ല, ഇന്ത്യയിലെ അല്ല, ഏഷ്യൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ ചിത്രത്തിൽ നായകനായി എത്തുകയാണ് മലയാളത്തിന്റെ താര ചക്രവർത്തിയും ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടനുമായ മോഹൻലാൽ. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്തു, പ്രവാസി വ്യവസായി ആയ ഡോക്ടർ ബി ആർ ഷെട്ടി നിർമ്മിക്കുന്ന രണ്ടാമൂഴം എന്ന മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി കഴിഞ്ഞ ദിവസം സംവിധായകനും നിർമ്മാതാവും ചേർന്ന് ഔദ്യോഗികമായി പുറത്തു വിട്ടു. അടുത്ത വർഷം ജൂലൈ മാസത്തിൽ രണ്ടാമൂഴം ചിത്രീകരണം ആരംഭിക്കും എന്നും, അതിനു മുൻപ് ഒരു വമ്പൻ ലോഞ്ച് പ്രോഗ്രാം ഉണ്ടാകും എന്നും നിർമ്മാതാവ് ബി ആർ ഷെട്ടി പ്രഖ്യാപിച്ചു. ആയിരം കോടി മുതൽ മുടക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നായകനായ മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെയും വിദേശ സിനിമകളിലെയും പ്രശസ്തരായ ഒട്ടേറെ താരങ്ങൾ അണിനിരക്കുമെന്നും നിർമ്മാതാവ് പറഞ്ഞു.
ഇപ്പോൾ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ കാര്യങ്ങൾ അതിന്റെ അവസാന ഘട്ടത്തിൽ ആണെന്നും അദ്ദേഹം അറിയിച്ചു. ജീവിതവും മനസ്സും സമർപ്പിച്ചു വര്ഷങ്ങളായി കണ്ട സ്വപ്നത്തിലേക്ക് ഒരുപടി കൂടി അടുത്തു എന്നാണ് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത്. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ബി ആർ ഷെട്ടിക്കും ഈ സ്വപ്ന സിനിമയുടെ നെടുംതൂണുകളായ മോഹൻലാലിനും എം ടി വാസുദേവൻ നായർക്കും അദ്ദേഹം നന്ദിയും പറയുന്നു. ഗുരുപൂർണിമ ദിവസം തന്നെ ഈ വലിയ വാർത്ത ഏവരുമായും പങ്കു വെക്കാൻ സാധിച്ചതിലുള്ള സന്തോഷവും ബി ആർ ഷെട്ടിയും മോഹൻലാലും പങ്കു വെച്ചു. ഏതായാലും ഇതോടു കൂടി തന്നെ രണ്ടാമൂഴം നടക്കുമോ ഇല്ലയോ എന്നതിനെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾ നീങ്ങി കഴിഞ്ഞു. ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞവരും ഇതിനെ കുറിച്ച് വ്യാജ വാർത്തകൾ സൃഷ്ടിച്ചവരും ഇപ്പോൾ പിൻവാങ്ങി കഴിഞ്ഞു. ഇനി കാത്തിരിക്കാം നമ്മുക്ക്, മലയാളത്തിന്റെ നടനവിസ്മയം ലോക സിനിമയുടെ കൊടുമുടിയിൽ എത്തുന്നത് കാണാൻ.