മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. കുട്ടികൾക്കുള്ള ചിത്രമായി ഒരുക്കുന്ന ഒരു ത്രീഡി ഫാന്റസി ചിത്രമാണ് ബറോസ്. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നതും മോഹൻലാൽ ആണ്. നാനൂറു വർഷം പ്രായമുള്ള ഒരു ഭൂതമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. 2021 ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന്റെ കേരളാ ഷെഡ്യൂൾ ഇപ്പോൾ അവസാന ഘട്ടത്തിൽ ആണ്. കേരളത്തിലെ ഷൂട്ടിംഗ് നാളെ പൂർത്തിയാക്കുന്ന ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഏപ്രിൽ ഇരുപത്തിയേഴിനു ഗോവയിൽ ആണ് ആരംഭിക്കുക. മെയ് പത്തു വരെയാണ് ഗോവയിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാവുക എന്നാണ് സൂചന. അതോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയാവുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
നവോദയയിലും ഫോർട്ട് കൊച്ചിയിലും തീർത്ത വലിയ സെറ്റുകളിലായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഗോവയിലും വമ്പൻ സെറ്റുകൾ ആണ് ഇതിന്റെ ഷൂട്ടിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. മോഹൻലാലിനൊപ്പം ഗുരു സോമസുന്ദരം, തുഹിർ മേനോൻ എന്നിവരും ഒട്ടേറെ വിദേശ താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. സന്തോഷ് ശിവൻ കാമറ ചലിപ്പിക്കുന്ന ബറോസ് എഡിറ്റ് ചെയ്യാൻ പോകുന്നത് ശ്രീകർ പ്രസാദ് ആണ്. ലിഡിയൻ നാദസ്വരമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. മായാ എന്ന കുട്ടിയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, അതുപോലെ ഈ ചിത്രം രചിച്ചത് ജിജോ പുന്നൂസ് എന്നിവരാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഒരുക്കി പ്രശസ്തനായ ആളാണ് ജിജോ പുന്നൂസ്.