
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വളരെ കൗതുകകരമായ കുറെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായത്. പുതിയ തലമുറയിലെ താരങ്ങൾ അഭിനയിച്ച ചിത്രങ്ങളിൽ സീനിയർ താരങ്ങളും മണ്മറഞ്ഞു പോയ താരങ്ങളുമാണ് പ്രധാന വേഷത്തിൽ എത്തിയിരുന്നെങ്കിലെന്നും അതുപോലെ പണ്ടത്തെ ചില ചിത്രങ്ങളിൽ പുതിയതലമുറയിലെ താരങ്ങൾ ആണ് അഭിനയിച്ചിരുന്നതെങ്കിലെന്നും ഉള്ള ആശയത്തെ മുൻനിർത്തി ദിവാകൃഷ്ണ എന്ന കലാകാരൻ ഡിസൈൻ ചെയ്ത പോസ്റ്ററുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. അതിൽ പല പോസ്റ്ററുകളും പ്രശസ്‌ത നടന്മാരും സംവിധായകരുമടക്കം ഷെയർ ചെയ്യുകയും ദിവാകൃഷ്ണയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദിവാകൃഷ്ണ പറയുന്നത് ആ പോസ്റ്ററുകൾ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കാണുകയും അഭിനന്ദിക്കുകയും ചെയ്തു എന്നാണ്. ലാലേട്ടന്റെ ആ അംഗീകാരം ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല എന്നും ഈ കലാകാരൻ പറയുന്നു.
ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും, മായാനദി, മൈ ബോസ്, ഉണ്ട, തമാശ, ജോമോന്റെ സുവിശേഷങ്ങൾ, മുംബൈ പോലീസ്, വരനെ ആവശ്യമുണ്ട്, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഏകലവ്യൻ, കോട്ടയം കുഞ്ഞച്ചൻ, മൂത്തൊൻ, മഹേഷിന്റെ പ്രതികാരം, വരത്തൻ തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് ഇത്തരത്തിൽ ദിവാകൃഷ്ണ ചെയ്തത്. ഇതിൽ തന്നെ ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, വരത്തൻ, മുംബൈ പൊലീസ് തുടങ്ങിയ ചിത്രങ്ങളിൽ ദിവാകൃഷ്ണയുടെ ഭാവനയിൽ മോഹൻലാലായിരുന്നു നായകൻ. മോഹൻലാൽ നായകനായ ദിവാകൃഷ്ണയുടെ ഡ്രൈവിങ് ലൈസൻസ് പോസ്റ്റർ പങ്കു വെച്ചു കൊണ്ട് ആ ചിത്രം സംവിധാനം ചെയ്ത ജീൻ പോൾ ലാൽ പറഞ്ഞത് ഇങ്ങനെ ശെരിക്കും സംഭവിച്ചിരുന്നെങ്കിൽ പൊളിച്ചേനെ എന്നാണ്. മമ്മൂട്ടി, കമൽ ഹാസൻ, രജനികാന്ത്, ജയറാം, പ്രേം നസീർ, ഭരത് ഗോപി, പൃഥ്വിരാജ് എന്നിവരൊക്കെ ദിവാകൃഷ്ണ ഒരുക്കിയ പോസ്റ്ററുകളിൽ നായകന്മാരായി വന്നിട്ടുണ്ട്.
