റയിബാന്‍ ഗ്ലാസ് വെക്കാൻ പ്രചോദനം ആടുതോമ; സ്ഫടികത്തോടുള്ള സ്നേഹം തുറന്ന് പറഞ്ഞ് കാർത്തി

Advertisement

തമിഴ് യുവ താരം കാർത്തി നായകനായ ഏറ്റവും പുതിയ ചിത്രമായ വിരുമാൻ വരുന്ന വെള്ളിയാഴ്ച ആഗോള റിലീസായി എത്തുകയാണ്. അതിന്റെ പ്രചരണാർത്ഥം കേരളത്തിലെത്തിയ കാർത്തി തന്റെ മോഹൻലാൽ ആരാധന ഒരിക്കൽ കൂടി വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണിപ്പോൾ. താൻ ഒരു കടുത്ത മോഹൻലാൽ ആരാധകനാണെന്നു പല തവണ കാർത്തി തുറന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ തന്റെ ഏറ്റവും പ്രീയപ്പെട്ട മോഹൻലാൽ ചിത്രമാണ് സ്ഫടികമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെത്തി മാധ്യമങ്ങളെ കണ്ടപ്പോഴും ആ ഇഷ്ടം അദ്ദേഹം തുറന്നു പറഞ്ഞു. സ്ഫടികത്തിലെ തിലകന്റെ കഥാപാത്രവും മോഹന്‍ലാലിന്റെ കഥാപാത്രവും തമ്മിലുള്ള സീനുകളാണ് ഈ പുതിയ ചിത്രം ചെയ്യുമ്പോൾ തന്റെ മനസ്സിൽ വന്നതെന്നും കാർത്തി പറയുന്നു.

സ്ഫടികം പോലെ തന്നെ അച്ഛൻ- മകൻ ബന്ധം പറയുന്ന ചിത്രമാണ് ഇതെന്നും ഇതിൽ താൻ റയിബാന്‍ ഗ്ലാസ് വെച്ചിരിക്കുന്നത് പോലും സ്ഫടികത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണെന്നും കാർത്തി പറയുന്നു. സ്ഫടികം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ആ ചിത്രം റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയിരുന്നെങ്കിൽ താൻ ചെയ്തേനെയെന്നും കാർത്തി പറഞ്ഞു. എന്നാൽ വീരാപ്പ് എന്ന പേരിൽ സുന്ദർ സി നായകനായി തമിഴിലേക്ക് സ്ഫടികം നേരത്തെ തന്നെ റീമേക് ചെയ്തിരുന്നു. മുത്തയ്യ സംവിധാനം ചെയ്ത കാർത്തിയുടെ വിരുമാൻ, 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേർന്നാണ് നിർമ്മിച്ചത്. അദിതി ശങ്കർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ കാർത്തിയുടെ അച്ഛനായി വേഷമിടുന്നത് പ്രകാശ് രാജാണ്. രാജ് കിരണ്‍, സൂരി എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് യുവാൻ ശങ്കർ രാജയാണ്.

Advertisement
Advertisement

Press ESC to close