കഴിഞ്ഞ ദിവസമാണ് ഖത്തറിൽ വെച്ചു മലയാളം- തമിഴ് സിനിമകൾക്കുള്ള സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് നൽകപ്പെട്ടത്. സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡുകളിൽ ഒന്നായ സിമ്മ അവാർഡ്‌സിൽ മോസ്റ്റ് പോപ്പുലർ ആക്ടർ ഇൻ മിഡ്‌ഡിലെ ഈസ്റ്റ് എന്ന പുരസ്‌കാരം സ്വന്തമാക്കിയത് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. മോഹൻലാൽ ചിത്രങ്ങൾക്ക് മിഡിൽ ഈസ്റ്റ് ഏരിയയിൽ ലഭിക്കുന്ന വമ്പൻ സ്വീകാര്യത ആണ് ഈ അവാർഡ് അദ്ദേഹത്തിന് നൽകാനുള്ള കാരണം. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഉള്ള രണ്ടേ രണ്ടു മലയാള ചിത്രങ്ങൾ മോഹൻലാൽ നായകനായ ലൂസിഫർ, പുലിമുരുകൻ എന്നിവയാണ്. ലൂസിഫർ നാൽപ്പതു കോടിയോളം ഗൾഫിൽ നിന്നു നേടിയപ്പോൾ, 34 കോടിയോളം ആണ് പുലിമുരുകൻ നേടിയത്.
ഇതിനു പുറമെ, ഒടിയൻ, ദൃശ്യം എന്നീ ചിത്രങ്ങളും വമ്പൻ കളക്ഷൻ മിഡിൽ ഈസ്റ്റിൽ നിന്നു നേടിയെടുത്ത മോഹൻലാൽ ചിത്രങ്ങൾ ആണ്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ ചിത്രം എന്ന റെക്കോർഡ് കൈവശം വെച്ചിരിക്കുന്നതും മോഹൻലാൽ ചിത്രമായ ദൃശ്യം ആണ്. 125 ദിവസം ആണ് ദൃശ്യം ഗൾഫിൽ പ്രദർശിപ്പിച്ചത്. അദ്ദേഹത്തിന്റെ പുലിമുരുകൻ, ലൂസിഫർ എന്നിവയും ഗൾഫിൽ ഒരുപാട് ആഴ്ചകൾ പ്രദർശിപ്പിച്ച ചിത്രങ്ങൾ ആണ്. മിഡിൽ ഈസ്റ്റിൽ മാത്രമല്ല, യു എസ്, യൂറോപ് തുടങ്ങിയ എല്ലാ വിദേശ മാർക്കറ്റുകളിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ള മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ മുകളിൽ ഉള്ളത് മോഹൻലാൽ ചിത്രങ്ങൾ ആണ്. അദ്ദേഹത്തിന്റെ വിദേശ മാർക്കറ്റു മലയാള സിനിമയ്ക്കു നൽകുന്നതും വലിയ ആഗോള മാർക്കറ്റിലേക്ക് ഇറങ്ങി ചെല്ലാൻ ഉള്ള അവസരമാണ്. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളും മോഹൻലാൽ നായകനായ ലൂസിഫർ, ഒടിയൻ എന്നിവയാണ്.