ഇത്തവണയും ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനമായ വിരേന്ദർ സെവാഗിന് ജന്മദിന ആശംസകൾ നല്കാൻ മലയാളത്തിന്റെ സ്വന്തം മോഹൻലാൽ മറന്നില്ല. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന വീരുവിനു തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ആണ് മോഹൻലാൽ സന്തോഷകരമായ ഒരു ജന്മദിനം ആശംസിച്ചതു. വർഷങ്ങളായി വിരേന്ദർ സെവാഗ് മോഹൻലാലിനും മോഹൻലാൽ തിരിച്ചും ജന്മദിന ആശംസകൾ അറിയിക്കുന്നു. സെവാഗ് ആണ് ആദ്യമായി മോഹൻലാലിന് സന്തോഷകരമായ ജന്മദിനം ആശംസിച്ചു കൊണ്ട് വർഷങ്ങൾക്കു മുൻപ് ഈ സൗഹൃദത്തിന് തുടക്കം കുറിച്ചത്. മലയാള സിനിമയുടെ രാജാവിന് ജന്മദിനാശംസകൾ എന്നാണ് അന്ന് വിരേന്ദർ സെവാഗ് കുറിച്ചത്.
കഴിഞ്ഞ വർഷം മോഹൻലാൽ നൽകിയ ജന്മദിനാശംസകൾക്കു ലാലേട്ടാ എന്ന് വിളിച്ചു സെവാഗ് നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്‍മാൻമാരിൽ ഒരാൾ ആയിരുന്ന വിരേന്ദർ സെവാഗ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ കളിക്കാരനും ആയിരുന്നു. ടെസ്റ്റോ ഏകദിനമോ ട്വന്റി ട്വൻറിയോ എന്ന് നോക്കാതെ ആക്രമണ ക്രിക്കറ്റ് കളിച്ച സെവാഗിന് ലോകം മുഴുവൻ ഒട്ടേറെ ആരാധകർ ഉണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം ഒരു സ്കൂൾ ആരംഭിച്ച സെവാഗ് ട്വിറ്ററിലെ തന്റെ രസകരമായ ട്വീറ്റുകളിലൂടെയും ഏറെ പോപ്പുലർ ആണ്. ക്രിക്കറ്റ് താരങ്ങൾക്കിടയിലെ ഏറ്റവും മികച്ച ട്രോളൻ എന്നാണ് സോഷ്യൽ മീഡിയ വീരുവിനെ വിശേഷിപ്പിക്കുന്നത്.
സെവാഗിന് മാത്രമല്ല, ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി, ബാഡ്മിന്റൺ ചാമ്പ്യൻ പി വി സിന്ധു, ബോക്സിങ് ചാമ്പ്യൻ വിജേന്ദർ സിംഗ്, ഷൂട്ടിംഗ് താരം രാജ്യവർധൻ സിംഗ് റാത്തോഡ് എന്നിവരും മോഹൻലാൽ ട്വിറ്റെർ വഴി സൗഹൃദം പങ്കിടുന്ന കായിക താരങ്ങൾ ആണ്. മികച്ച നേട്ടങ്ങൾ കരസ്ഥമാക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്കു ആശംസകൾ നല്കാൻ ഒരിക്കലും മറക്കാറില്ലാത്ത വ്യക്തി കൂടിയാണ് മോഹൻലാൽ.